കോട്ടയം: മരണാനന്തര ചടങ്ങിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങിയ വയോധികയുടെ മാല കവർന്ന സംഘത്തെകുറിച്ച് സൂചന. കറുത്ത പൾസർ ബൈക്കിൽ എത്തിയവരാണ് മോഷണം നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. ബർമുഡയും കോട്ടും ഹെൽമെറ്റും മാസ്കുമായിരുന്നു വേഷം.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. മാന്നാർ കുന്നേപ്പറമ്പിൽ ചെല്ലപ്പന്റെ ഭാര്യ അമ്മിണി (74)യുടെ ഒരു പവൻ തൂക്കമുള്ള മാലയാണ് നഷ്ടമായത്. കടുത്തുരുത്തി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റുമാനൂർ തലയോലപ്പറമ്പ് റോഡിൽ മാന്നാർ ജംഗ്ഷനിൽ നിന്ന് വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടന്നുപോകവേയാണ് പിറകിലൂടെ എത്തിയ മോഷ്ടാക്കൾ മാല പൊട്ടിച്ചെടുത്തശേഷം ബൈക്കിൽ രക്ഷപ്പെട്ടത്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും മോഷ്ടാക്കൾ കടന്നിരുന്നു.