pic

കോട്ടയം: കൃഷി മന്ത്രി ഇടപെട്ടു. ഏലക്ക ഇല്ക്ട്രോണിക് കാർഷിക വിപണിയിൽ (ഇ-നാം) സ്ഥാനം പിടിക്കും. ഇതോടെ ഏലം കർഷകർക്ക് ഇടനിലക്കാരെ ഒഴിവാക്കി രാജ്യത്തെവിടെയും വില്ക്കാൻ സാധിക്കും. തരക്കേടില്ലാത്ത വില ലഭിക്കുകയും ചെയ്യും. കേന്ദ്ര-വാണിജ്യ മന്ത്രാലയത്തിന്റെ അംഗീകരത്തോടെ ഓൺലൈൻ ലേലത്തിലും പങ്കെടുക്കാൻ കർഷകർക്ക് അവസരം ലഭിക്കും.

ഈ-ലേലത്തിലൂടെയാണ് ഇപ്പോൾ ഏലക്ക കർഷകർ വില്ക്കുന്നത്. കാർഷികോത്പാദന കമ്മീഷണർക്ക് കൃഷിമന്ത്രിയുടെ കാര്യാലയത്തിൽ നിന്നും ഇതിനുള്ള നിർദേശം പോയിക്കഴിഞ്ഞു. ഏലക്കയുടെ വിലയിടിവ് തടയാൻ സ്പൈസസ് ബോർഡ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഈ-നാം നിലവിൽ വന്നാൽ പുറ്റടി സ്പൈസസ് പാർക്കിൽ ഓൺലൈൻ കേന്ദ്രം സ്ഥാപിച്ച് കർഷകർക്ക് ആഴ്ചയിൽ ഒരിക്കൽ ലേലം നടത്താൻ സാധിക്കും. ഇടനിലക്കാർ ഒഴിവാകുന്നതോടെ നല്ല വില ലഭിക്കുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ.

ഉത്തരേന്ത്യൻ വ്യാപാരികൾ പിന്മാറിയതോടെ ഏലക്കയുടെ വില കൂപ്പുകുത്തിയ നിലയിലാണ് ഇപ്പോൾ. ആറുമാസം മുമ്പ് കിലോക്ക് 7000 രൂപ വിലയുണ്ടായിരുന്ന ഫസ്റ്റ് ക്വാളിറ്റി ഏലക്കയുടെ വില ഇപ്പോൾ 1700 രൂപയിലേക്കാണ് താഴ്ന്നത്. ഇതോടെ ഏലം കർഷകർ വെട്ടിലായി. രണ്ടാം ഗ്രേഡ് ഏലക്കക്ക് 1069 രൂപയാണ് ലഭിക്കുന്നത്.