nimmi

എരുമേലി: ചെറുവള്ളി എസ്റ്റേറ്റിലെ ലയത്തിൽ ജനിച്ചു വളർന്ന നിമ്മി വിമാനം കണ്ടിട്ടുപോലുമില്ലായിരുന്നു. എങ്കിലും ഡിഗ്രി കഴിഞ്ഞപ്പോൾ തൊട്ട‌ടുത്ത ജില്ലയായ പത്തനംതിട്ടയിൽ എയർപോർട്ട് മാനേജ്മെന്റ് കോഴ്സിന് ചേർന്നു. അതു പൂർത്തിയാക്കി വീട്ടിലെത്തിയപ്പോഴാവട്ടെ നാടും, വീടിരിക്കുന്ന സ്ഥലവും വിമാനത്താവളമാകാൻ പോകുന്നു. നിമ്മിയുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകുന്ന വാർത്തയായിരുന്നു അത്. വിമാനത്താവളമാകുമ്പോൾ അവിടെ ജോലി. അതു കിട്ടുമെന്നു തന്നെയാണ് ഈ പെൺകുട്ടിയു‌ടെ പ്രതീക്ഷ.

ചെറുവള്ളി എസ്റ്റേറ്റിൽ കാന്റീൻ നടത്തുന്ന തങ്കച്ചൻ -മേഴ്സി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് നിമ്മി.

എസ്റ്റേറ്റിൽ കാന്റീൻ നടത്തുന്ന ചാരങ്ങാട്ട് തോമസ് എന്ന അർത്തുങ്കൽ തങ്കച്ചന്റെ പൂർവികരെല്ലാം ഇവിടെ ജനിച്ചു വളർന്നവരാണ്. ആറാമത്തെ തലമുറയാണ് തങ്കച്ചൻ. എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനൊപ്പം ഭാര്യയ്ക്കൊപ്പം ക്യാന്റീനും നടത്തുന്നു. എസ്റ്റേറ്റ് തുടങ്ങുമ്പോൾ മുതലുള്ളതാണ് കാന്റീൻ. വർഷം തോറും ലേലം ചെയ്താണ് തോട്ടത്തിലെ തൊഴിലാളികളിൽ ഒരാൾക്ക് കാന്റീൻ നടത്താനുള്ള അവകാശം നൽകുന്നത്. നന്നായി നടത്തിയാൽ ലേലം ഒഴിവാക്കി കരാർ പുതുക്കി നൽകും. കഴിഞ്ഞ പത്ത് വർഷമായി ലേലമില്ലാതെ കാന്റീൻ നടത്തിക്കൊണ്ടിരിക്കുന്നത് തങ്കച്ചനാണ്. രണ്ടര ലക്ഷത്തോളം രൂപ ചെലവിട്ടു മകളെ പഠിപ്പിക്കുമ്പോൾ എസ്റ്റേറ്റിൽ വിമാനമിറങ്ങുമെന്ന പ്രതീക്ഷപോലുമില്ലായിരുന്നു തങ്കച്ചന്. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. എസ്റ്റേറ്റിലെ ജോലിയും കാന്റീനിൽ നിന്നുള്ള വരുമാനവുമാണ് ആശ്രയം. നഴ്സായ മൂത്ത മകളുടെ വിവാഹം അടുത്ത മാസം നടക്കാനിരിക്കുകയാണ്. വിമാനത്താവളമാകുന്നതോടെ തോട്ടത്തിലെ തൊഴിലാളികളെ സർക്കാർ ഏറ്റെടുക്കുമെന്നും ഇതിലൂടെ മകൾക്ക് ജോലി ലഭിക്കുമെന്നും തങ്കച്ചനും പ്രതീക്ഷയുണ്ട്.

'' കോഴ്സ് പൂർത്തിയാക്കി വിവിധ എയർപോർട്ടുകളിൽ ജോലിക്ക് ശ്രമിക്കുകയാണിപ്പോൾ. ജനിച്ച നാട് എയർപോർട്ടാകുമ്പോൾ അവിടെ ജോലി ചെയ്യാൻ കഴിഞ്ഞാൽ അതൊരു ഭാഗ്യമാണ്. അങ്ങനെയുണ്ടാകണമെന്ന പ്രാർത്ഥനയിലാണ്''

നിമ്മി