sara

കോട്ടയം: ബാർബർ ഷോപ്പ് തുറന്നു, ഹോട്ടലും ബിവറേജസ് ഔട്ട്ലെറ്റും തുറന്നു. പിന്നെ ഞങ്ങളോടെന്തിനീ ചതിയെന്നാണ് 'ജിമ്മൻ'മാരുടെ ചോദ്യം! മൂന്ന് മാസത്തോളമായി ജിംനേഷ്യം അടഞ്ഞു കിടക്കുന്നതിനാൽ മസിലിറങ്ങുമെന്ന ടെൻഷനിലാണ് ഇവർ. അതേ സമയം ലക്ഷങ്ങളുടെ നഷ്ടത്തെപ്പറ്റിയാണ് ജിംനേഷ്യം ഉടമകളുടെ സങ്കടം.

സുരക്ഷിതത്വം മാനിച്ച് ലോക്ക് ഡൗണിന് ആഴ്ചകൾക്ക് മുമ്പേ ജില്ലയിലെ മിക്ക ജിംനേഷ്യങ്ങളും അടച്ചിരുന്നു. മൂന്ന് മാസത്തിത്തിലേറെയായി ഉപയോഗമില്ലാതെ കിടക്കുന്നതിനാൽ ഉപകരണങ്ങളുടെ കാര്യവും കഷ്ടമാണ്. സ്ഥിരമായി ഓയിൽ നൽകി ഉപയോഗിക്കേണ്ട ട്രെഡ്മിൽ ഉൾപ്പടെയുള്ളവ സർവീസ് ചെയ്യാതെ ഇനി ഉപയോഗിക്കാനാവില്ല. മൾട്ടിമെഷീൻ പോലെ ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ് വലിയ ജിമ്മുകളിലുള്ളത്. ഇവയുടെ സർവീസ് ഇനത്തിൽ മാത്രം ലക്ഷങ്ങൾ വേണ്ടിവരും.

വിരലിലെണ്ണാവുന്ന ജിംനേഷ്യങ്ങൾ മാത്രമാണ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ചിലർ വാടകയിനത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും എല്ലാവരും അങ്ങിനെയല്ല. ഭൂരിഭാഗം നടത്തിപ്പുകാരും വാടക നൽകാനില്ലാതെ നെട്ടോട്ടത്തിലാണ്. ലക്ഷങ്ങൾ ലോണെടുത്ത് ഉന്നത നിലവാരമുള്ള ഉപകരണങ്ങൾ വാങ്ങിയാണ് ജിംനേഷ്യങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. ബോഡി ബിൽഡർമാർ, പവർ ലിഫ്റ്റിംഗ് താരങ്ങൾ, ജീവിത ശൈലീരോഗങ്ങൾക്ക് ചികിത്സതേടുന്നവർ എന്നിങ്ങനെ വിവിധ വിഭാഗക്കാരാണ് സ്ഥിരമായി എത്താറുള്ളത്.

നഷ്ടപ്പെട്ടത് പ്രധാന സീസൺ

വിദ്യാർത്ഥികളടക്കം ഏറ്റവും കൂടുതൽ ആളുകളെത്തുന്ന വേനലവധിയാണ് ജിമ്മുകളുടെ ചാകരക്കാലം. ലോക്ക് ഡൗൺ മൂലം നഷ്ടപ്പെട്ടതും പ്രധാന സീസൺ ആണ്.

ചെറിയ ജിം തുടങ്ങാൻ വേണം 10 ലക്ഷം

ട്രെയിനർമാർക്ക് ശമ്പളം 12000 മുതൽ

'' മത്സരങ്ങൾക്കുവേണ്ടിയുള്ള പരിശീലനം മുടങ്ങി. വീട്ടിലെ ചെറിയ വ്യായാമങ്ങൾ ഫലപ്രാപ്തിയിലെത്തുന്നില്ല. വിവിധ രോഗങ്ങളെ പിടിച്ചുനിർത്താനായി ജിമ്മുകളെ ആശ്രയിക്കുന്നവരുടെ കാര്യമാണ് കഷ്ടത്തിലായത്. പണിയില്ലാത്തതിനാൽ ഭക്ഷണത്തിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല.''

ശരൺ വലിയകാലയിൽ,

പവർ ലിഫ്റ്റിംഗ് ചാമ്പ്യൻ, ജിം ട്രെയിനർ

'' ജിം ഉടമകൾ പ്രതിസന്ധിയിലാണ്. പക്ഷേ,​ തുറന്നാലും ആളുകൾ എത്തുമോയെന്ന് സംശയമാണ്. സാമൂഹിക അകലം പാലിച്ച് ജിമ്മിൽ ട്രെയിനിംഗ് നൽകാൻ കഴിയാത്തതാണ് വെല്ലുവിളി''

ബേബി പ്ളാക്കൂട്ടം, സംസ്ഥാന പ്രസിഡന്റ്,

കേരള സ്റ്റേറ്റ് ബോഡി ബിൽഡിംഗ് അസോ.