ചങ്ങനാശേരി : സേവന, കാർഷിക, വിദ്യാഭ്യാസ മേഖലകൾക്ക് പ്രാമുഖ്യം നൽകി, 131 കോടി രൂപ വരവും ചെലവും പ്രതീക്ഷിക്കുന്ന എൻ.എസ്.എസ് ബഡ്ജറ്റ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വീഡിയോ കോൺഫറൻസിലൂടെ അവതരിപ്പിച്ചു.കൊവിഡ് മൂലമുള്ള സാമ്പത്തിക ക്ലേശം പരിഹരിക്കാൻ ഒരംഗത്തിന് 10,000 രൂപ വീതം വായ്പ. കരയോഗങ്ങളിലെല്ലാം വനിതാ സ്വയംസഹായ സംഘങ്ങളും, സംരംഭകത്വ ഗ്രൂപ്പുകളും, കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികളുമായി സഹകരിച്ച് പച്ചക്കറി കൃഷി, മിനി ഡെയറി യൂണിറ്റ്, മുട്ടക്കോഴി വളർത്തൽ, ആട് പരിപാലനം, മത്സ്യകൃഷി, ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷൻ എന്നിവ തുടങ്ങും. 24.98 കോടി രൂപ കാപ്പിറ്റലിലും 106 കോടി രൂപ റവന്യൂവിലും വരവ് പ്രതീക്ഷിക്കുന്നു. കാപ്പിറ്റലിൽ 43.27 കോടിയും റവന്യൂവിൽ 87.72 കോടിരൂപയുമാണ് ചെലവ്. എൻ.എസ്.എസ് കൺവെൻഷൻ സെന്ററിനും, മറ്റ് നിർമാണ പ്രവർത്തനങ്ങൾക്കും ഫണ്ടുണ്ട്. എയ്ഡഡ് സ്‌കൂളുകളുടെ നിർമ്മാണങ്ങൾക്ക് 2.53 കോടിയും, ലൈബ്രറിക്കും ലബോറട്ടറിക്കും 14.14 ലക്ഷം രൂപയും.
ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ നേതൃത്വത്തിൽ രാവിലെ മന്നം സമാധി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ഹെഡ് ഓഫീസ് കേന്ദ്രമാക്കിയും 60 താലൂക്ക് യൂണിയനുകളെ ബന്ധപ്പെടുത്തിയും വീഡിയോ കോൺഫറൻസിലൂടെയാണ് ബഡ്ജറ്റ് അവതരണവും ഡയറക്ടർ ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പും നടത്തിയത്. പ്രസിഡന്റ് അഡ്വ.പി.എൻ. നരേന്ദ്രനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഡോ.എം.ശശികുമാർ, റിട്ടേണിംഗ് ഓഫീസർ അഡ്വ.അനിൽ ഡി. കർത്താ എന്നിവർ സംബന്ധിച്ചു. 284 പ്രതിനിധികളിൽ 267 പേർ വിവിധ താലൂക്ക് യൂണിയനുകളിലെ സെന്ററുകളിൽ നിന്ന് പങ്കെടുത്തു.
ജി.സുകുമാരൻ നായർ വീണ്ടും എൻ.എസ്.എസ് ജനറൽ സെക്രട്ടറി
ചങ്ങനാശേരി: എൻ.എസ്.എസ് ജനറൽ സെക്രട്ടറിയായി ജി.സുകുമാരൻനായർ നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. 58 വർഷമായി എൻ.എസ്.എസ് ആസ്ഥാനത്ത് സജീവമായിരുന്ന സുകുമാരൻ നായർ 2011ലാണ് ആദ്യം ജനറൽ സെക്രട്ടറിയായത്. പത്താമത്തെ ബഡ്ജറ്റാണ് അദ്ദേഹം ഇന്നലെ അവതരിപ്പിച്ചത്. മൂന്ന് വർഷത്തിലൊരിക്കലാണ് തിരഞ്ഞെടുപ്പ്. സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്നതിലും, സാമുദായിക ഐക്യം ഊട്ടിയുറപ്പിച്ച് എൻ.എസ്.എസിനെ മുന്നോട്ടു നയിക്കുന്നതിലും മാതൃകാപരമായ സമീപനമാണ് സുകുമാരൻ നായർ സ്വീകരിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
ബഡ്ജറ്റ് : മറ്റ് പ്രധാന നിർദേശങ്ങൾ
എയ്ഡഡ് കോളജുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 1. 28 ലക്ഷം മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ 72 ലക്ഷം കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 55.10 ലക്ഷം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമുദായാംഗങ്ങൾക്ക് 2 കോടി