വൈക്കം : മത്സ്യ വളർത്തലിന്റെ മറവിൽ കോഴിഫാം ഉടമ കോഴി മാലിന്യം പുരയിടത്തിൽ നിക്ഷേപിക്കുന്നത് പ്രദേശത്തെ നൂറോളം കുടുംബങ്ങളുടെ ജീവിതം ദുരിതപൂർണമാക്കുന്നു. കല്ലറ പഞ്ചായത്ത് ഒന്നാം വാർഡിൽ മുണ്ടാർ ഒന്നാം നമ്പർ ഭാഗത്താണ് പാലാ സ്വദേശി അഞ്ചേക്കറോളം വരുന്ന രണ്ടു കുളങ്ങളിൽ മത്സ്യം വളർത്തുന്നത്. ഇതിന്റെ മറവിൽ കോഴിമാലിന്യങ്ങൾ ദിവസേന മിനി ലോറിയിൽ കൊണ്ടുവന്ന് മത്സ്യക്കുളത്തിന്റെ പുറബണ്ടിൽ വളർന്നു നിൽക്കുന്ന എണ്ണ പനയ്ക്ക് സമീപം നിക്ഷേപിക്കുകയായിരുന്നു. കൊണ്ടു വരുന്ന കോഴി മാലിന്യത്തിൽ കുറച്ചു ഭാഗം വലിയ പാത്രത്തിൽ വേവിച്ച് മത്സ്യങ്ങൾക്കും നൽകിയിരുന്നു.
കുളത്തിനു ചുറ്റുമുള്ള പുറംബണ്ടിൽ കുന്നുകൂടുന്ന മാലിന്യത്തിന്റെ മീതെ എണ്ണ പനയോലകൾ കൂട്ടിയിടുകയാണ്. മാലിന്യം ചീഞ്ഞളിഞ്ഞ് പ്രദേശത്ത് കടുത്ത ദുർഗന്ധം വമിക്കുകയാണ്. മഴ കനത്തതോടെ മാലിന്യം മുണ്ടാറിലെ തോടുകളിലും കരിയാറിലും കെ.വി കനാലിലേയ്ക്കും കലർന്നു. കുളിക്കുന്നതിനും അലക്കുന്നതിനും തോടുകളിലെ വെള്ളത്തെ ആശ്രയിക്കുന്ന പ്രദേശവാസികൾക്ക് തോട് മലിനമായത് കടുത്ത പ്രഹരമായി.
നാലുവശവും വെള്ളം
2500 ഏക്കർ വിസ്തൃതിയുള്ള മുണ്ടാർ നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്താണ്. കൃഷിയും മൃഗസംരക്ഷണവുമായി കഴിഞ്ഞ് വരുന്നവരാണ് ഭൂരിഭാഗവും. മാലിന്യങ്ങൾ കൊണ്ടുവന്ന മിനിലോറി കഴിഞ്ഞദിവസം നാട്ടുകാർ തടഞ്ഞിരുന്നു. പരാതിയെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനൂപ്, വാർഡ് മെമ്പർ സുജാത,പഞ്ചായത്ത് സെക്രട്ടറി വി.എൻ. റെജിമോൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
ലൈസൻസില്ല : പഞ്ചായത്ത് പ്രസിഡന്റ്
പഞ്ചായത്തിന്റെ ലൈസൻസോ അനുമതിയോ കൂടാതെയാണ് മത്സ്യഫാം ഇവിടെ പ്രവർത്തിക്കുന്നതെന്ന് രേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമായെന്നും ഫിഷറീസിന്റെ ചില പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് കൃഷി തുടങ്ങിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് സൗമ്യഅനൂപ് പറഞ്ഞു. മാലിന്യപ്രശ്‌നമവസാനിപ്പിക്കാൻ മത്സ്യക്കുളങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും ഇവർ അറിയിച്ചു.