sukumaran-nair

ചങ്ങനാശേരി : സംസ്ഥാനത്തെ കോളേജുകളിലെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രവർത്തന സമയം, രീതികൾ, അദ്ധ്യാപന സമയം, അദ്ധ്യാപക തസ്തിക എന്നിവ സംബന്ധിച്ച ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുനഃപരിശോധിച്ചില്ലെങ്കിൽ അതിനെതിരെ എൻ.എസ്.എസ് ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

പൊതുവിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി ആദ്യകാലം മുതൽ സേവനം നടത്തിവരുന്ന പ്രസ്ഥാനങ്ങളുടെയോ മാനേജ്‌മെന്റുകളുടെയോ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകാതെയും അവരുമായി ചർച്ച നടത്താതെയും സർക്കാർ ഉദ്യോഗസ്ഥ, രാഷ്ട്രീയ തലത്തിൽ ഏകപക്ഷീയമായി നടത്തുന്ന പരിഷ്‌കാരങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാകട്ടെ, ആശയക്കുഴപ്പമുണ്ടാക്കുന്നതും, കോളേജുകളുടെ അദ്ധ്യയന നിലവാരത്തെയും നിലനിൽപ്പിനെയും ബാധിക്കുന്നതുമാണ്. ആഴ്ചയിൽ 16 മണിക്കൂർ ജോലിയുണ്ടെങ്കിലേ കോളേജുകളിൽ അദ്ധ്യാപക തസ്തിക അനുവദിക്കാവൂ എന്നാണ് ഉത്തരവ്. ഇപ്പോൾ 9 മണിക്കൂറിൽ കൂടുതൽ ജോലിഭാരമുണ്ടെങ്കിൽ തസ്തിക സൃഷ്ടിക്കാം.

യുവതി പ്രവേശനം: നിലപാടിൽ മാറ്റമില്ല

ശബരിമല യുവതി പ്രവേശനവിഷയത്തിൽ എൻ.എസ്.എസ് നിലപാടിൽ മാറ്റമില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ നടപടികളോട് പൂർണമായും സഹകരിച്ചു.

ഡോ.എം.ശശികുമാർ വീണ്ടും ട്രഷറർ

എൻ.എസ്.എസ് ട്രഷററായി ഡോ.എം.ശശികുമാറിനെ വീണ്ടും തിരഞ്ഞെടുത്തു. ഡയറക്ടർ ബോർഡിലേക്ക് ഒഴിവു വന്ന ഒൻപത് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നടന്നു. ജി.സുകുമാരൻ നായർ (ചങ്ങനാശേരി യൂണിയൻ),​ കലഞ്ഞൂർ മധു (അടൂർ), എൻ.വി. അയ്യപ്പൻപിള്ള (കരുനാഗപ്പള്ളി) ,​ ചിതറ എസ്.രാധാകൃഷ്ണൻ നായർ (ചടയമംഗലം),​ കെ.കെ.പത്മനാഭപിള്ള (അമ്പലപ്പുഴ), വി.എ.ബാബുരാജ് (നെടുമങ്ങാട്), ആർ. ബാലകൃഷ്ണപിള്ള (പത്തനാപുരം), ജി. തങ്കപ്പൻപിള്ള (കൊട്ടാരക്കര), കോട്ടുകാൽ കൃഷ്ണകുമാർ (നെയ്യാറ്റിൻകര) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.