മുണ്ടക്കയം : പാറമട അനുവദിക്കുന്നതിനെതിരെ പരാതി നൽകിയ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ കല്ലിനിടിച്ച് പരിക്കേൽപ്പിച്ചു. കൊക്കയാർ പൂവഞ്ചിയിൽ അനധികൃതമായി പാറമട അനുവദിക്കാനുളള നീക്കത്തിനെതിരെ നാട്ടുകാർ നൽകിയ പരാതിയ്‌ക്കൊപ്പം നിന്ന കോൺഗ്രസ് കൊക്കയാർ മണ്ഡലം സെക്രട്ടറി പൂവഞ്ചി കമ്പിയിൽ മാത്യു(ലാലിച്ചൻ) നെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ബൈക്കിലെത്തിയ ആൾ മർദ്ദിച്ചത്. പൂവഞ്ചി മേഖലയിൽ പാറമട നടത്താൻ ആറോളം പേർ രംഗത്തു വന്നിരുന്നു. വാർഡ് മെമ്പറുടെ എതിർപ്പുകാരണം പദ്ധതി നടക്കാതെ പോവുകയായിരുന്നു. ഇതിനിടയിൽ വാർഡ് മെമ്പർ ഒരുമാസത്തേക്ക് വിദേശത്തു പോയതോടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റിയിൽ പരിഗണിക്കാനിടയുണ്ടന്ന് മനസിലാക്കിയ നാട്ടുകാർ പഞ്ചായത്തംഗത്തിന്റെ നിർദ്ദേശത്തെ തുടർന്ന് പാറമടയ്ക്ക് അനുമതി നൽകരുതെന്നാവശ്യപെട്ട് പരാതി നൽകി. ഇതോടെ അപേക്ഷകരിൽ ഒരാൾ കോഴി ഫാംആരഭിക്കാനും അതിന്റെ മറവിൽ പാറപൊട്ടിച്ച് നീക്കാനും ശ്രമം നടത്തി. ഇതിന് വൈദ്യുത കണക്ഷനായി മാത്യുവിന്റെ പുരയിടത്തിലൂടെ കമ്പി വലിക്കാൻ ശ്രമിച്ചു. എന്നാൽ കെട്ടിടം നിർമ്മിശേഷം കമ്പി വലിക്കാൻ അനുമതി തരാമെന്ന് മാത്യു അറിയിച്ചു. ഇതിൽ കുപിതനായാണ് ഇയാൾ മാത്യുവിനെ മർദ്ദിച്ചത്. കല്ലേപ്പാലം പൂവഞ്ചി റോഡിൽ നിന്ന മാത്യുവിനെ ബൈക്കിടിപ്പിക്കാനായിരുന്നു ശ്രമം ,മാത്യു ഓടിമാറിയതോടെ കരിങ്കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. മുഖത്ത് സാരമായി പരിക്കേറ്റ മാത്യു മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്‌സയിലാണ്. സംഭവവുമായി ബന്ധപെട്ട് ഇടക്കുന്നം സ്വദേശി സോജനെതിരെ പെരുവന്താനം പൊലീസ് കേസെടുത്ത് അന്വേക്ഷണമാരംഭിച്ചതായി എസ്.ഐ അറിയിച്ചു.