വൈക്കം : നഗരസഭ വോട്ടർ പട്ടികയുടെ രണ്ടാമത്തെ കരട് ലിസ്റ്റിലും അപാകതകളെന്ന് ആക്ഷേപം.
മരണമടഞ്ഞവരെ നീക്കം ചെയ്യുന്നതിന് വാർഡിലുള്ളവർ നൽകിയ ആക്ഷേപം പരിശോധിച്ചിട്ടില്ല. 2015 ലെ ലിസ്റ്റിൽ മാർഡ് മാറി കിടന്നയാളുകൾ സ്ഥാനം മാറ്റത്തിന് അപേക്ഷിച്ച് ഒരാളെപ്പോലും അവരവർ താമസിക്കുന്ന വാർഡിലേക്ക് മാറ്റിയിട്ടില്ല. ഒരു വാർഡിൽ 15ൽ കൂടുതൽ പേർ സ്ഥാനം മാറ്റാൻ അപേക്ഷിച്ചിട്ടുണ്ട്. പുതുതായി വോട്ടു ചേർക്കുന്നതിന് അപേക്ഷിക്കുകയും നേരിട്ട് ഹാജരായി നിയമപരമായി രേഖകൾ ഹാജരാക്കി ഫോട്ടോയും കൊടുത്ത് ഉറപ്പുവരുത്തി നഗരസഭയിലെ അന്വേഷണ ഉദ്യോഗസ്ഥൻ നമ്പറിട്ട് സ്ലിപ്പ് തരുകയും അവ രജിസ്ട്രാറെ നേരിട്ട് ബോദ്ധ്യപ്പെടുത്തുകയും ചെയ്ത പലരും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. നിയമപരമായി സമയത്ത് ഹാജരായി രേഖകൾ നൽകിയ ധാരാളം പേർ മറ്റു പല വാർഡുകളിലും പേരു ചേർത്തതായി കാണാൻ കഴിയും. ഈ ലിസ്റ്റ് പരിശോധിച്ചാൽ 25 പേരിൽ കൂടുതൽ വാർഡ് മാറി പുതിയ കരട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വാർഡിൽ തന്നെ ഒരാൾ രണ്ട് സ്ഥലത്ത് ഉൾപ്പെട്ടിട്ടുണ്ട്.
ഇത്തരം പ്രവൃത്തികൾ ചില ഉദ്യോഗസ്ഥർ ചിലരെ സഹായിക്കാനും ഉപദ്രവിക്കുകയും ചെയ്യുന്നതിന് കരുതി കൂട്ടി ചെയ്തതായി കാണേണ്ടിവരും. നഗരസഭയിൽ നിന്ന് നൽകിയ ലിസ്റ്റ് കൂട്ടി ചേർക്കാൻ മാത്രം ഉൾപ്പെട്ടതാണ്. പൂർണമായ ലിസ്റ്റ് രാഷ്ട്രീയപാർട്ടികൾക്ക് പരിശോധനയ്ക്ക് നൽകിയിട്ടില്ല. ഇത് കമ്മിഷന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ്. അടിയന്തിരമായി കമ്മിഷൻ ഇടപെട്ട് ലിസ്റ്റ് ക്രമപ്പെടുത്തുന്നതിനുള്ള നടപടി ഉണ്ടാകണം.
കെ.ജി.അബ്ദുൾസലാം റാവുത്തർ
(ഡി.സി.സി ജനറൽ സെക്രട്ടറി)