കോട്ടയം: സിനിമകളുടെ റിലീസ് ഒ.ടി.ടി പ്ലാറ്റ്ഫോമിലേയ്ക്കു മാറിയതിന് പിന്നാലെ ചിത്രപ്രദർശനങ്ങളും ഓൺലൈൻ ആകുന്നു. വിർച്വൽ സ്പേസിൽ കേരളത്തിലെ ആദ്യത്തെ ചിത്ര/ശില്പ പ്രദർശനമായ മൺസൂൺ ആർട്ട്‌ ഫെസ്റ്റിവലിന് ഇന്ന് തുടക്കം കുറിക്കും. ഒരു മാസം നീണ്ടുനിൽക്കും. മൺസൂൺ ആർട്ട്‌ യൂട്യൂബ് ചാനൽ വഴിയാണ് കലാപ്രേമികളിൽ എത്തുക. മൺസൂൺ ആർട്ട്‌ഫെസിറ്റിവലിന്റ നാലാം എഡിഷനിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 150 കലാകാരൻമാരുടെ ചിത്ര- ശില്പങ്ങളാണ് ഒരുക്കിയിരിക്കുന്നത്. " ലോകമെങ്ങും ഗാലറികളും മ്യൂസിയങ്ങളും അടഞ്ഞു കിടക്കുന്നു. അതിനാൽ കലാപ്രദർശനത്തിന് പുതുവഴികൾ തേടുന്നു ". കോട്ടയം ആർട്ട്‌ ഫൗണ്ടേഷൻ പ്രസിഡന്റും ലളിതകലാ അക്കാഡമി മുൻചെയർമാനുമായ കെ.എ. ഫ്രാൻസിസ് പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റും ചിത്രകാരനുമായ ബോസ് കൃഷ്ണമാചാരി പ്രദർശനം ഉദ്ഘാടനം ചെയ്യും.