ചങ്ങനാശേരി : എ.സി റോഡുമായി ബന്ധിപ്പിക്കുന്ന പൂവം നക്രാപുതുവൽ റോഡ് നവീകരണത്തിന് 2.51 കോടി രൂപ അനുവദിച്ചതായി സി.എഫ് തോമസ് എം.എൽ.എ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഗ്രമീണ സഡക്ക് യോജന പദ്ധതി പ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്. എ.സി റോഡിൽ നിന്ന് 2.47 കിലോമീറ്റർ അകലെയുള്ള നക്രാൽപുതുവലിൽ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നതിനും കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ മാർക്കറ്റുകളിൽ എത്തിക്കുന്നതിനും ഏകമാർഗമാണ് ഈ റോഡ്. നിലവിൽ റോഡ് തകർന്ന് കിടക്കുന്നതിനാൽ ഓട്ടോറിക്ഷകൾ പോലും ഇതുവരെ വരാറില്ല. ചരക്ക് ലോറികൾക്കും വലിയ വാഹനങ്ങൾക്കും പ്രദേശത്തേക്ക് എത്തിപ്പെടാൻ കഴിയാതെ വന്നതോടെ നെൽകർഷകർ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിലാണ്. ഇതോടെയാണ് എം.എൽ.എ നിവേദനം നൽകിയത്.