കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ കീഴിൽ രണ്ടര കോടി രൂപ ചെലവഴിച്ച് നിർമിച്ച ജില്ലാ ഹോമിയോ ആശുപത്രിയുടെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും.
സമ്മേളനം തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും. 75 ലക്ഷം രൂപ മുടക്കി നിർമിച്ച ജനറൽ വാർഡ് ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണനും ജില്ലാ മെഡിക്കൽ ഓഫീസിന്റെ ഉദ്ഘാടനം കെ.സുരേഷ് കുറുപ്പ് എം.എൽ.എയും നിർവ്വഹിക്കും. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ആർ.അജയകുമാർ മുഖ്യപ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിക്കും.
നാഗമ്പടം പാലത്തിന് സമീപം 90 സെന്റ് സ്ഥലത്താണ് രണ്ടു കോടി 75 ലക്ഷം രൂപ മുടക്കി പുതിയ കെട്ടിടത്തിന്റെയും ജനറൽ വാർഡിന്റെയും നിർമാണം പൂർത്തിയാക്കിയത്. രോഗികൾക്കായി ലാബ് സൗകര്യം, ജീവിത ശൈലി രോഗങ്ങൾക്കായുള്ള ആയുഷ്മാൻ ഭവ ക്ലിനിക്ക് , കുട്ടികൾക്കായുള്ള സദ്ഗമയ ക്ലിനിക്ക്, കിഡ്നി സ്റ്റോൺ, ഗർഭാശയ മുഴ സ്പെഷ്യൽ ക്ലിനിക്ക് എന്നിവയ്ക്കു പുറമേ 25 രോഗികളെ കിടത്തി ചികിത്സിക്കാനാവശ്യമായ സൗകര്യവും ലഭ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, വൈസ് പ്രസിഡന്റ് ഡോ.ശോഭ സലിമോൻ, സഖറിയാസ് കുതിരവേലി, ഡോ.വി.കെ.പ്രിയദർശിനി, ഡോ.ജിജി വർഗീസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.