കോട്ടയം : കൊവിഡ് ജാഗ്രത തുടരുന്നതിനിടെ മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായാൽ എന്തു ചെയ്യും? മുൻപെങ്ങുമില്ലാതിരുന്ന ഈ സാഹചര്യം നേരിടുന്നതിന് ജില്ല എത്രമാത്രം സജ്ജമാണെന്ന് കണ്ടെത്തുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീക്കോയി പഞ്ചായത്തിൽ നടത്തിയ മോക് ഡ്രിൽ വിവിധ വകുപ്പുകളും സന്നദ്ധ പ്രവർത്തകരും ജനപ്രതിനിധികളും തമ്മിലുള്ള കൃത്യമായ ഏകോപനത്തിന്റെ മികവിൽ വിജയമായി.
തീക്കോയി പഞ്ചായത്തിലെ വെള്ളികുളത്ത് മണ്ണിടിയുകയും പിന്നാലെ താഴെ ചാത്തപ്പുഴയിൽ വെള്ളമുയരുകയും ചെയ്യുന്ന സാഹചര്യങ്ങൾ സങ്കൽപ്പിച്ച് കൊണ്ടായിരുന്നു നടപടികൾ. മൂന്നു ദിവസമായി ജില്ലയിൽ നിലനിന്നിരുന്ന മഞ്ഞ അലർട്ട് ഓറഞ്ച് അലർട്ടായി മാറുന്നതായും മലയോര മേഖലയിൽ ശക്തമായ മഴയ്ക്കും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്നുമുള്ള അറിയിപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്ന് രാവിലെ 9 ന് ജില്ലാ കൺട്രോൾ റൂമിൽ ലഭിക്കുന്നതു മുതലുള്ള പ്രവർത്തനങ്ങളാണ് മോക് ഡ്രിലിന്റെ ഭാഗമായി നടന്നത്.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി പാലാ ആർ.ഡി.ഒയ്ക്കും മീനച്ചിൽ തഹസിൽദാർക്കും ഗ്രാമപഞ്ചായത്ത് കൺട്രോൾ റൂമിനും അറിയിപ്പ് കൈമാറി. അതോടെ വെള്ളികുളം, ചാത്തപ്പുഴ മേഖലകളിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹോം ക്വാറന്റൈനിൽ കഴിയുന്നവരെയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരെയും സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് ഫയർ ഫോഴ്‌സും പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് നടപടികൾ ആരംഭിച്ചു. വെള്ളികുളത്തു നിന്നുള്ളവരെ തീക്കോയി സെന്റ് ആന്റണീസ് സ്‌കൂളിലേക്കും ചാത്തപ്പുഴയിൽനിന്നുള്ള വരെ സെന്റ് മേരീസ് സ്‌കൂളിലേക്കുമാണ് മാറ്റിയത്. ഈ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ തന്നെ 9.45ന് കളക്ടറേറ്റിൽ കളക്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ചേർന്ന് തുടർ നടപടികൾ സംബന്ധിച്ച് തീരുമാനമെടുത്തു.

സർവസജ്ജം
വെള്ളികുളത്ത് മണ്ണിടിച്ചിലുണ്ടായി എന്ന സന്ദേശം പത്തുമണിയോടെ തീക്കോയി പഞ്ചായത്തിൽ നിന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൺട്രോൾ റൂമിൽ അറിയിച്ചു. അതോടെ മീനച്ചിൽ തഹസിൽദാരുടെ നേതൃത്വത്തിലുള്ള താലൂക്ക് തല ദുരന്ത പ്രതികരണ സംവിധാനം സജ്ജമായി. റവന്യു ഉദ്യോഗസ്ഥരും പൊലീസും ഫയർഫോഴ്‌സും സന്നദ്ധ സംഘടനകളും ചേർന്ന് ദുരന്തസാധ്യതാ മേഖലയിലുള്ള ജനങ്ങളെ പൂർണമായും ഒഴിപ്പിച്ചുതുടങ്ങി. മണ്ണിടിച്ചിലിനിടയിൽ 'പരിക്കേറ്റ' രണ്ടു പേർക്ക് പ്രഥമശുശ്രൂഷ നൽകി തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരിൽ സാരമായി പരിക്കേറ്റ ഒരാളെ പാലാ ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇതേ സമയംതന്നെ ചാത്തപ്പുഴയിൽ ജനത്തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികളും പൊലീസ് സ്വീകരിച്ചു.

പ്രത്യേക താമസ സൗകര്യം

ഹോം ക്വാറന്റൈനിൽ കഴിയുന്നവർ, മറ്റ് രോഗ ലക്ഷണങ്ങൾ ഉള്ളവർ, അറുപതിന് മുകളിൽ പ്രായമുള്ളവർ, മറ്റുള്ളവർ എന്നിങ്ങനെ നാലു വിഭാഗങ്ങളിലുള്ളവർക്കുമായി ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രത്യേകം താമസ സൗകര്യങ്ങളാണ് ക്രമീകരിച്ചത്. ഹോം ക്വാറന്റൈനിൽ കഴിയുന്നവരെയും രോഗലക്ഷണങ്ങളുള്ളവരെയും നേരിട്ട് മുറികളിലേക്ക് മാറ്റി. മറ്റുള്ളവരെ ദുരിതാശ്വാസ ക്യാമ്പിന്റെ കവാടത്തിൽ പനി പരിശോധന നടത്തി കൈകൾ കഴുകിച്ച്, മാസ്‌ക് ധരിപ്പിച്ച് അകത്തേക്ക് പ്രവേശിപ്പിച്ചു. മോക് ഡ്രിൽ നിരീക്ഷിക്കാൻ ദേശീയ ദുരന്ത പ്രതികരണ സേനയിൽനിന്നുള്ള(എൻ.ഡി.ആർ.എഫ്) അഞ്ചുപേരും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ക്യാമ്പുകളുടെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് കോട്ടയം മെഡിക്കൽ കോളേജിലെ സാംക്രമിക രോഗ ചികിത്സാ വിഭാഗത്തിൽനിന്നുള്ള രണ്ടു ഡോക്ടർമാരുമുണ്ടായിരുന്നു.