പാലാ ജന. ആശുപത്രി കോവിഡ് കേന്ദ്രത്തിൽ ആരോഗ്യപ്രവർത്തകരെ പട്ടിണിക്കിടുന്നുവെന്ന് പരാതി
പാലാ : ' ഇന്നലെ രാവിലെ ഭക്ഷണം കിട്ടിയത് 10 മണിക്കാണ്. അതു വരെ പച്ച വെള്ളം കുടിച്ചിട്ടില്ല. എന്നിട്ട് കിട്ടിയതോ 4 ചെറിയ ഇഡ്ഡലി !. രണ്ടാമത് ചോദിച്ചിട്ട് തന്നില്ല. ഊണിന്റെ കാര്യവും കഷ്ടമാണ്. വിശപ്പുമാറാനുള്ളത് ഉണ്ടാകില്ല. സ്വന്തം വീടു വിട്ട് ഞങ്ങൾ ആശുപത്രിയിൽ തന്നെ കഴിയുകയാണ്. പുറത്തു പോയി ഭക്ഷണം കഴിക്കാനും നിവൃത്തിയില്ല. കിറ്റും ധരിച്ച് മണിക്കൂറുകളോളം തുടർച്ചയായി ജോലി ചെയ്യേണ്ടി വരുമ്പോൾ വിയർത്തൊലിക്കും. വിശപ്പും കൂടുതലാണ്. ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടുന്നു. തിരക്കും വർദ്ധിക്കുന്നു. ഇതിനിടെ ഞങ്ങളെ പട്ടിണിക്കിടുകയാണ് ബന്ധപ്പെട്ടവർ...' പാലാ ജനറൽ ആശുപത്രിയിലെ കോവിഡ് ചികിത്സാ സംഘത്തിൽ പെട്ട ഈ ഡോക്ടറുടെ സങ്കടം അവിടത്തെ മുഴുവൻ ജീവനക്കാരുടേതുമാണ്.
വിശപ്പുസഹിക്കാതെ കോവിഡ് ചികിത്സാ സംഘത്തിലെ ചിലർ, പാവപ്പെട്ട രോഗികൾക്കു കൊണ്ടു വന്ന ഭക്ഷണം വാങ്ങിക്കഴിച്ചു. ചില സംഘടനകൾ ഭക്ഷണം നൽകാമെന്ന് ഏറ്റിട്ടുണ്ടെങ്കിലും അത് കോവിഡ് വാർഡിൽ എത്തിച്ചു കൊടുക്കാൻ സുരക്ഷാകാരണങ്ങളാൽ ബുദ്ധിമുട്ടുണ്ട്.
പരിഹാരം ഇന്നു തന്നെ: നഗരസഭ
കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് യഥാസമയം ഭക്ഷണം കിട്ടുന്നില്ലെന്ന പരാതി ഗുരുതരമാണെന്നും ഇതിന് ഉടൻ പരിഹാരം കാണുമെന്നും ജോസ് കെ. മാണി എം.പി. യും മാണി സി. കാപ്പൻ എം.എൽ.എ യും പറഞ്ഞു.
നഗരസഭാധികൃതരുമായി ബന്ധപ്പെട്ട് പ്രശ്‌നം എത്രയും വേഗം പരിഹരിക്കാൻ ഇരുവരും നിർദ്ദേശം നൽകി. ഭക്ഷണത്തിനുള്ള തുക മുഴവൻ നൽകുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു. അതേസമയം ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇന്നു തന്നെ പരിഹാരമുണ്ടാക്കുമെന്നും പാലാ നഗരസഭാ ചെയർപേഴ്‌സൺ മേരി ഡൊമിനിക് പറഞ്ഞു
ആറ് ഡോക്ടർമാരുൾപ്പെടെയുള്ള
23 അംഗ സംഘമാണ്
ജനറൽ ആശുപത്രിയിലെ
കൊവിഡ് ചികിത്സാ
കേന്ദ്രത്തിൽ ഡ്യൂട്ടിയിലുള്ളത്.