കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കണമെന്ന യു.ഡി.എഫ് നിർദ്ദേശം അംഗീകരിക്കില്ലെന്ന് ജോസ് കെ മാണിയും , അല്ലെങ്കിൽ ജോസിന് മുന്നണിയിൽ തുടരാൻ യോഗ്യതയില്ലെന്ന് പി.ജെ.ജോസഫും വ്യക്തമാക്കിയതോടെ കേരള കോൺഗ്രസ് പ്രശ്നത്തിൽ ഒത്തുതീർപ്പ് വഴി മുട്ടി. പ്രതിസന്ധി ചർച്ച ചെയ്യാൻ ജോസഫ് വിഭാഗം നേതൃയോഗം നാളെ ചങ്ങനാശേരിയിൽ ചേരും.
അതിനിടെ,ജോസഫ് പക്ഷത്തുള്ള സി.എഫ് തോമസും മോൻസ് ജോസഫും കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച ചങ്ങനാശേരി ,കടുത്തുരുത്തി നിയമസഭാ സീറ്റുകൾ വേണമെന്ന ആവശ്യം ഒത്തുതീർപ്പ് ഫോർമുലയായി ജോസ് വിഭാഗം ഉന്നയിച്ചു. ജോസഫ് ഇത് തള്ളി. യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിൽ ചേരാനുള്ള കരുനീക്കങ്ങൾ നടത്തുന്നതായുള്ള ആരോപണം ഇരുവിഭാഗവും നിഷേധിച്ചു.
' ഇടത് മുന്നണിയുമായി അടുക്കാൻ ശ്രമിക്കുന്നത് ജോസഫ് വിഭാഗമാണ്. മുന്നണി വിടുമോയെന്ന് അവരോടാണ് ചോദിക്കേണ്ടത്' .
- ജോസ് കെ മാണി
' എൽ.ഡി.എഫിലേക്ക് പോകാനാനുള്ള നീക്കം ഞാൻ നടത്തിയിട്ടില്ല. എല്ലാം ജോസ് കെ മാണിയുടെ ഭാവനാസൃഷ്ടിയാണ്'.
-പി.ജെ.ജോസഫ്