ചങ്ങനാശേരി : രാവും പകലും നാടിനെയും ജനങ്ങളെയും സംരക്ഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ താമസം ദുരിതത്തിൽ. കുറിച്ചി കാലായിപ്പടിയിലുള്ള പൊലീസ് ക്വാർട്ടേഴ്‌സുകളാണ് അറ്റകുറ്റപ്പണികൾ നടത്താതെ നശിക്കുന്നത്. ഏത് സമയത്തും നിലംപൊത്താമെന്നതാണ് സ്ഥിതി. മുറികളിലെ ജനൽച്ചില്ലുകൾ പൊട്ടിത്തകർന്ന നിലയിലാണ്. കെട്ടിടത്തിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങളും പരിമിതമാണ്. മൂന്ന് കെട്ടിടങ്ങളിലായി 14 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
ഡ്രെയിനേജ് പൊട്ടിയൊഴുകുന്ന വെള്ളം ക്വാർട്ടേഴ്‌സ് കെട്ടിടത്തിന് സമീപം കെട്ടിക്കിടക്കുകയാണ്. കൊതുകുകൾ പെരുകുന്നതിനും ആരോഗ്യപ്രശ്നങ്ങൾക്കും ഇത് ഇടയാക്കും. ഡ്രെയിനേജിനടുത്ത കെട്ടിടത്തിലെ താമസക്കാർ ഇവിടെ നിന്ന് മാറി.
മരങ്ങൾ കിളിർത്ത നിലയിൽ
കെട്ടിടത്തിന്റെ ചുവരുകളിലെ പലഭാഗങ്ങളിലും വലിയമരങ്ങൾ കിളിർത്തു നിൽക്കുകയാണ്. വേരുകളിറങ്ങി ഭിത്തികൾ വിണ്ടു കീറി. ശക്തമായ കാറ്റോ മഴയോ വന്നാൽ കെട്ടിടം ഇടിഞ്ഞു വീഴുമെന്ന് പൊലീസുകാർ പറയുന്നു.
അറ്റകുറ്റപ്പണികൾ മുടങ്ങി
ആറ് വർഷമായി അറ്റകുറ്റപ്പണികൾ മുടങ്ങിക്കിടക്കുകയാണ്. നിരവധി തവണ താമസക്കാർ തന്നെ അറ്റകുറ്റപ്പണികൾ നടത്തി. പൊതുമരാമത്ത് വകുപ്പ് അധികൃതരെ വിവരം അറിയിച്ചാലും അറ്റകുറ്റപ്പണികൾക്കായി ഫണ്ട് അനുവദിച്ചെന്ന മറുപടിയാണ് ലഭിക്കുന്നത്. ചങ്ങനാശേരി ഡിവൈ.എസ്.പി ഓഫീസിന് സമീപത്തെ ക്വാർട്ടേഴ്സിന്റെ സംരക്ഷണഭിത്തി മാസങ്ങൾക്ക് മുൻപ് മഴയിൽ നിലം പൊത്തിയിരുന്നു.
അറ്റകുറ്റപ്പണികൾ നടത്തി മാലിന്യ പ്രശ്‌നത്തിനും പരിഹാരം കാണണം.
(ക്വർട്ടേഴ്‌സ് താമസക്കാർ)
പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, വേണ്ട നടപടികൾ സ്വീകരിക്കും.
അനിത , പി.ഡ.ബ്ല്യുഡി എക്‌സിക്യുട്ടീവ് എൻജിനിയർ