കോട്ടയം: ചിത്രകാരൻമാരുടേയും ചിത്രാസ്വാദകരുടേയും ആഗ്രഹം പോലെ കോട്ടയത്ത് ആധുനിക ആർട്ട് ഗ്യാലറി ഒരുങ്ങുന്നു. ഡി.സി കിഴക്കേമുറിയിടം കെട്ടിടത്തിന്റെ ആദ്യനിലയാണ് കേരള ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിക്കായി സജ്ജമാക്കിയിരിക്കുന്നത്. എറണാകുളം ദർബാർഹാളിലേത് പോലെ ചിത്ര പ്രദർശനവും മറ്റും സംഘടിപ്പിക്കാനാവും.
ലോക്ക് ഡൗണിന് ശേഷം നിർമാണം ആരംഭിച്ച ഗ്യാലറി അടുത്തമാസത്തോടെ പൂർത്തിയാക്കാമെന്ന പ്രതീക്ഷയാണ് സംഘാടകർക്ക്. സംസ്ഥാന നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. ഇതോടെ അന്താരാഷ്ട്ര നിലവാരമുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കാനും പ്രേഷകർക്ക് അതിന്റെ ദൃശ്യഭംഗി പൂർണമായും ആസ്വദിക്കാനുമാകും. നഗരഹൃദയത്തിലായതിനാൽ ആളുകൾക്ക് വേഗം എത്തിപ്പെടാം. പതിവ് പ്രദർശനങ്ങൾക്ക് പുറമേ ക്യൂറേറ്റഡ് പ്രദർശനങ്ങളും അക്കാഡമി ഒരുക്കും.
20 ലക്ഷം രൂപ
700 സ്ക്വയർഫീറ്റിലായി ഒരുങ്ങുന്ന ഗ്യാലറിക്ക് 20 ലക്ഷം രൂപയാണ് ബഡ്ജറ്റ്. അക്കാഡമി നിർമിക്കുന്ന സംസ്ഥാനത്തെ 23-ാം ആർട്ട് ഗ്യാലറിയാണിത്.
പ്രത്യേകതകൾ
ദേശീയ നിലവാരത്തിലുള്ള ജില്ലയിലെ ഏക പ്രൊഫഷണൽ ആർട്ട് ഗ്യാലറി
ചിത്രങ്ങൾ മനോഹരമായി കാണാനാകും വിധമുള്ള ലൈറ്റിംഗ് സംവിധാനം
ഭിത്തിയിൽ നേരിട്ട് ചിത്രങ്ങൾ ചേർത്തുവയ്ക്കാം, തൂക്കിയിടേണ്ട ആവശ്യമില്ല
പൂർണമായും ശീതീകരിച്ചത്, സ്റ്റേയർകേസിലും ചിത്രങ്ങൾ പ്രദർശിപ്പിക്കാം
ഉയർന്ന നിലവാരത്തിലുള്ള ആർട്ട് ഗ്യാലറി തുറക്കുന്നതോടെ ദൃശ്യകലാ സംസ്കാരത്തെ പരിപോഷിപ്പിക്കാനാകും. പയ്യന്നൂർ, കണ്ണൂർ മലപട്ടണം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലും പുതിയ ആർട്ട് ഗ്യാലറികൾ ഒരുങ്ങുന്നുണ്ട്. ചെറിയൊരു വാടകയ്ക്കാണ് ഡി.സി ബുക്സിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ഗ്യാലറി പ്രവർത്തിക്കുക''
നേമം പുഷ്പരാജ്. ചെയർമാൻ, ലളിതകലാ അക്കാഡമി.