കോട്ടയം: പുതിയ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് പണിയുന്നതിന് കോട്ടയം മെഡിക്കൽ കോളേജ് വളപ്പിലെ രണ്ടേക്കറോളം വരുന്ന സ്വാഭാവിക വനം വെട്ടി മാറ്റുന്നുവെന്ന പരാതി പരിശോധിക്കാൻ ജൈവവൈവിദ്ധ്യ ബോർഡ് സംഘമെത്തി.
കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തകളെ തുടർന്നാണ് ബോർഡ് ജില്ലാ കോ ഒാർഡിനേറ്റർ എൻ.എ.അഞ്ജു, സാങ്കേതിക വിദഗ്ദ്ധൻ പ്രോഫ.ജോമി അഗസ്റ്റിൻ, ബോർഡ് ഭാരവാഹി ശ്രിഗ്ദ രാജു എന്നിവർ എത്തിയത്. സ്വാഭാവിക വനം വെട്ടി മാറ്റാനുള്ള ആശുപത്രി വികസന സമിതിയുടെ തീരുമാനത്തിനെതിരെ ജില്ലാ ട്രീ അതോറിറ്റി കമ്മിറ്റി അംഗങ്ങളായ കെ.ബിനു, ഡോ.ബി.ശ്രീകുമാർ എന്നിവർ പരാതി നൽകിയിരുന്നു. ഇന്നലെ കെ.ബിനു മൊഴി നൽകാനുമെത്തി.
നേരത്തെ ആശുപത്രി വികസനസമിതിയും ട്രീ അതോറിറ്റിയും വനത്തിൽ സംയുക്ത പരിശോധന നടത്താൻ ആലോചിച്ചിരുന്നെങ്കിലും ഏകാഭിപ്രായം ഉണ്ടായില്ല . വിവാദമായിട്ടും പുതിയ ജില്ലാ കളക്ടറും ഇടപെട്ടില്ല. മരം വെട്ടാൻ വനം വകുപ്പ് അനുമതി നൽകിയിട്ടില്ലെങ്കിലും സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.
പൈപപ്പ് ലൈൻ മാറ്റാൻ രണ്ടരക്കോടി
സ്വാഭാവിക വനം വെട്ടി കെട്ടിടം പണിയുന്നതിന് മുന്നോടിയായി വനത്തിലൂടെയുള്ള പൈപ്പ് ലൈൻ മാറ്റാൻ രണ്ടരക്കോടി രൂപ അനുവദിച്ചു .അഞ്ചു സമീപ പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന 35 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണ് വനത്തിന് സമീപമുള്ളത്. പുതിയ ബ്ലോക്കിനായി ജെ.സി.ബി ഉപയോഗിച്ചു മണ്ണു മാറ്റുമ്പോൾ ജലസംഭരണിയുടെ സുരക്ഷ പ്രശ്നമാകുമെന്ന് ജല വിഭവ വകുപ്പ് അധികൃതർ പറഞ്ഞു.
മെഡിക്കൽ കോളേജ് വളപ്പിലെ സ്വാഭാവികവനവും സമീപത്ത് കപ്പ കൃഷി ചെയ്യുന്ന പ്രദേശവും സന്ദർശിച്ചു . അതീവ ജൈവസാന്നിദ്ധ്യമുള്ള സ്ഥലമാണിതെന്നാണ് മനസിലായത്. സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് ചെയർമാന് ഒരാഴ്ചക്കുള്ലിൽ റിപ്പോർട്ട് നൽകും.
പ്രൊഫ.ജോമി അഗസ്റ്റിൻ,
സാങ്കേതിക വിദഗ്ദ്ധൻ,
ജൈവവൈവിദ്ധ്യ ബോർഡ്