കോട്ടയം: പനി ബാധിച്ച ആഗ്ര സ്വദേശിയെ സ്രവം പരിശോധനയ്‌ക്കെടുത്തശേഷം കോട്ടയം ജില്ലാ ആശുപത്രി അധികൃതർ റോഡിൽ ഇറക്കിവിട്ടു. സംഭവം വിവാദമായതോടെ ആരോഗ്യപ്രവർത്തകർ ഇയാളെ കണ്ടെത്തി നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. എം.സി.റോഡിൽ ഏറ്റുമാനൂർ 101 കവലയ്ക്ക് സമീപം പാവക്കച്ചവടം നടത്തുന്ന 32കാരനെയാണ് ജില്ലാ ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ കയറ്റി രാത്രി റോഡിലിറക്കി വിട്ടത്.

ലോക്ക് ഡൗണിനെതുടർന്ന് ഇയാളും സ്വദേശത്തേയ്ക്ക് മടങ്ങിയിരുന്നു. എന്നാൽ 22ന് ട്രെയിനിൽ കയറി എറണാകുളത്ത് മടങ്ങിയെത്തി. അവിടെനിന്ന് ബസിൽ ഏറ്റുമാനൂരിൽ എത്തിയ ഇയാൾ പനിയുടെ ലക്ഷണങ്ങൾ കണ്ടതോടെയാണ് ഇന്നലെ ജില്ലാ ആശുപത്രിയിലെത്തിയത്. സംശയം തോന്നി ആശുപത്രി അധികൃതർ സ്രവം പരിശോധനയ്ക്കെടുത്തു. ആശുപത്രി നിരീക്ഷണത്തിൽ കഴിയണമെന്ന് ആവശ്യപ്പെട്ടിട്ടും ഇയാൾ തയ്യാറാകാതെ വന്നതിനെതുടർന്നാണ് വിട്ടയയ്ക്കുന്നതെന്ന് ഇയാളുടെ ഒ.പി. ചീട്ടിൽ രേഖപ്പെടുത്തിയശേഷമാണ് റോഡിലിറക്കി വിട്ടത്. അന്യസംസ്ഥാനത്തുനിന്ന് വന്ന യുവാവിന് ക്വാറൻറൈൻ സൗകര്യം ഒരുക്കുകയോ, തദ്ദേശസ്ഥാപനത്തേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും അറിയിക്കുകയോ ജില്ലാ ആശുപത്രി അധികൃതർ ചെയ്തില്ല.

നാട്ടുകാർ അറിയിച്ചതനുസരിച്ച് ഇന്നലെ രാവിലെ സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് അധികൃതരും വില്ലേജ് ഓഫീസറും പൊലീസും അടങ്ങുന്ന സംഘം ഇയാളെ അതിരമ്പുഴയിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി. 101 കവലയ്ക്ക് സമീപം ഇയാൾ ഏറെക്കാലം കച്ചവടം നടത്തുകയും തൊട്ടടുത്ത കടകളിൽ നിന്ന ഭക്ഷണം കഴിക്കുകയും വെള്ളം എടുക്കുകയും ചെയ്തിരുന്നു.