കൊച്ചി : ഇടുക്കി ജില്ലയിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ അടയാളപ്പെടുത്തി ദുരന്തനിവാരണ പദ്ധതി തയ്യാറാക്കാൻ ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദേശം നൽകി. മൂന്നാർ, പള്ളിവാസൽ എന്നിവയടക്കമുള്ള മേഖലകളിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ അടയാളപ്പെടുത്തണമെന്നാണ് സിംഗിൾബെഞ്ച് നിർദേശം. പള്ളിവാസൽ പരിസ്ഥിതി ദുർബല മേഖലയാണെന്ന പേരിൽ നിർമ്മാണത്തിന് അനുമതി നിഷേധിച്ച ജില്ലാ കളക്ടറുടെ നടപടിക്കെതിരെ ഇടുക്കി സ്വദേശി മനു വിൽസൺ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ജൂലായ് 16ന് ഹർജി വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് പദ്ധതി തയ്യാറാക്കി നൽകാനാണ് ഇടുക്കി ജില്ലാ കളക്ടറോടു നിർദേശിച്ചിട്ടുള്ളത്. പരിസ്ഥിതി ദുർബല മേഖല ഏതാണെന്ന് കൃത്യമായി അടയാളപ്പെടുത്താതെ ഇതിന്റെ പേരിൽ അപേക്ഷകൾ നിരസിക്കുന്നത് ശരിയല്ല. ഇതിനായി പഠനം നടത്തണം. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഇത്തരം രൂപരേഖ തയ്യാറാക്കാൻ ദുരന്തനിവാരണ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇൗ മേഖലയിൽ നിർമ്മാണങ്ങൾ തുടങ്ങി ഒരു ഘട്ടം കഴിയുമ്പോൾ അനുമതി നിഷേധിക്കുന്നത് പതിവായിട്ടുണ്ട്. ഏതൊക്കെ നിർമ്മാണങ്ങൾക്ക് അനുമതി നൽകാനാവുമെന്ന് വ്യക്തത വേണം. കേരള മുനിസിപ്പാലിറ്റി നിയമത്തിലോ പഞ്ചായത്തിരാജ് ആക്ടിലോ പരിസ്ഥിതി ദുർബലമേഖല കണ്ടെത്താൻ വ്യവസ്ഥയില്ല. ദുരന്ത നിവാരണ അതോറിറ്റിക്കാണ് ഇക്കാര്യത്തിൽ അധികാരമുള്ളത്. ആ നിലയ്ക്ക് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൃത്യമായ നിർദേശങ്ങൾ നൽകുകയാണ് വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.