കോട്ടയം : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ജില്ലയിൽ 73079 വളർത്തുമൃഗങ്ങൾക്ക് കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് നൽകി. ഫെബ്രുവരി 27ന് തുടക്കമിട്ട പദ്ധതിയിൽ 87222 മൃഗങ്ങൾക്ക് കുത്തിവയ്പ്പ് നൽകാനാണ് ലക്ഷ്യമിടുന്നത്. ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ വീടുകളിലെത്തിയാണ് കുത്തിവയ്പ് നൽകുന്നത്.ആറു മാസത്തിൽ കൂടുതൽ പ്രായമുള്ളവയ്ക്ക് വർഷത്തിൽ രണ്ട് തവണ കുത്തിവയ്പ് നൽകും. കുത്തിവച്ച ഉരുക്കളുടെ ചെവിയിൽ നമ്പർ രേഖപ്പെടുത്തിയ ലോഹ ടാഗ് പതിക്കും. വാക്‌സിനേഷൻ സംബന്ധിച്ച വിവരങ്ങൾ ഇനാഫ് പദ്ധതി പോർട്ടൽ മുഖേനയാണ് കേന്ദ്ര സർക്കാരിന് നൽകുന്നത്. ലോക്ക് ഡൗൺ ദിവസങ്ങളിൽ നിറുത്തിവച്ച കുത്തിവയ്പ്പ് കൊവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് പുനഃരാരംഭിച്ചത്. ജില്ലാ കളക്ടർ ചെയർമാനും എ.ഡി.സി.പി.ജില്ലാ കോ-ഓർഡിനേറ്റർ കൺവീനറും ക്ഷീരവികസന, പഞ്ചായത്ത് വകുപ്പുകളുടെ ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് പദ്ധതി പുരോഗതി വിലയിരുത്തുന്നത്. ആദ്യഘട്ട പദ്ധതി ജൂലായ് 15 ന് പൂർത്തീകരിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.എസ്.എൻ ബീന പറഞ്ഞു.

പശു : 65285

പോത്ത്,എരുമ : 4429

പന്നി : 3365