വൈക്കം:സർക്കാരിന് നികുതിയും റോയൽറ്റിയും നൽകാതെ സ്വകാര്യലോബി കക്ക വ്യാപകമായി ശേഖരിച്ച് കയറ്റി അയയ്ക്കുന്നതുമൂലം കക്ക സഹകരണ സംഘങ്ങൾ കടുത്ത പ്രതിസന്ധിയിൽ. ഇതോടെ സംഘങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന കക്ക തൊഴിലാളികളും ദുരിതത്തിലായി. തമിഴ്‌നാട്, ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേയ്ക്ക് കക്ക കയറ്റിയയച്ചിരുന്നത് ലോക്ക് ഡൗണിനെ തുടർന്ന് നിലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കക്ക സംഘങ്ങൾക്ക് വെല്ലുവിളിയായി സ്വകാര്യലോബി ഈ മേഖലയിൽ പിടിമുറുക്കിയത്. പ്രതിവർഷം സഹകരണ സംഘങ്ങൾ ലക്ഷക്കണക്കിന് രൂപയാണ് കക്ക കയറ്റി അയയ്ക്കുന്നതിന് നികുതിയും റോയൽറ്റിയുമായി നൽകുന്നത്.സർക്കാരിനെ വെട്ടിച്ച് കക്ക കയറ്റിയയ്ക്കുന്ന സ്വകാര്യ ലോബിക്ക് സംഘം നൽകുന്നതിലും വില തൊഴിലാളിക്ക് നൽകി കക്ക സംഭരിക്കാനാകും. സ്വകാര്യ ലോബി വ്യാപകമായി തൊഴിലാളികളിൽ ഒരു വിഭാഗത്തെ ഉപയോഗിച്ചു വലിയ കക്കയുടെ നാലിലൊന്നു വലിപ്പമെത്തിയ മല്ലികക്കയും വാരികടത്തുകയാണ്.പൂർണവളർച്ചയെത്തുന്നതിന് മുമ്പേ വാരിയെടുക്കുന്നതിൽ കക്കയുടെ ശോഷണത്തിനും കക്ക ഇറച്ചിയുടെ ദൗർലഭ്യത്തിനും ഇത് ഇടയാക്കുന്നു. സ്വകാര്യ ലോബിയും ചുള വ്യവസായികളും കക്ക സംഭരിക്കുന്നത് വർദ്ധിപ്പിച്ചതോടെ കക്ക സഹകരണ സംഘങ്ങൾ തകർച്ചയിലേയ്ക്കു കൂപ്പുകുത്തുകയാണ്. വൈക്കത്ത് വെച്ചൂരും ടി വി പുരം പള്ളി പ്രത്തുശ്ശേരിയിലുമാണ് കക്ക സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത്. കക്ക വാരലിലേർപ്പെട്ട തൊഴിലാളികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി വൈക്കം കേന്ദ്രീകരിച്ച് പുതുതായി രൂപം കൊണ്ട വൈക്കം ഇറച്ചികക്ക സംഭരണ സംസ്‌കരണ ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘവും മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്.
കടത്തുന്നു, ടൺ കണക്കിന് കക്ക
ഉദയനാപുരത്തെ പനമ്പുകാട്,മറവൻതുരുത്തിലെ ചെമ്മനാകരി, ചെമ്പ്, കാട്ടിക്കുന്ന്,മുറിഞ്ഞപുഴ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ചൂളവ്യവസായികളും സ്വകാര്യ ലോബിയും അനധികൃതമായി ടൺകണക്കിന് കക്കയാണ് കടത്തുന്നത്.സർക്കാരിന് ലക്ഷക്കണക്കിനു രൂപയാണ് നികുതി ഇനത്തിൽ നഷ്ടമാകുന്നത്. നിയമലംഘനം ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് തൊഴിലാളികളും കക്ക സഹകരണ സംഘം ഭാരവാഹികളും പറയുന്നു.
നടപടിയെടുക്കണം
കക്കാ വ്യവസായത്തിലെ പ്രതിസന്ധിയുടെ മറവിൽ ലക്ഷക്കണക്കിനു രൂപ നികുതി വെട്ടിക്കുന്ന കക്കാ മാഫിയയ്‌ക്കെതിരെ അധികൃതർ നടപടി ശക്തമാക്കണമെന്ന് വൈക്കം ഇറച്ചികക്ക സംഭരണ സംസ്‌കരണ ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘം പ്രസിഡന്റ് കെ.ആർ.കുഞ്ഞുമണി, സെക്രട്ടറി ടി.എം.മജീഷ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.കെ.ശശികുമാർ ,ഷിബു കോമ്പാറ തുടങ്ങിയവർ ആവശ്യപ്പെട്ടു.