asthi

നാട്ടകം: എം.സി റോഡിൽ നിന്ന് നൂറു മീറ്റർ മാത്രം അകലെ മറിയപ്പള്ളിയിലെ സാഹിത്യപ്രസാധക സഹകരണ സംഘത്തിന്റെ (എസ്.പി.സി.എസ്) ഉടമസ്ഥതയിലുള്ള സ്ഥലത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.

കാട് പിടിച്ചു കിടക്കുന്ന പുരയിടത്തിലെ പുളിമരത്തിന്റെ ചുവട്ടിലാണ് തലവേർപ്പെട്ട നിലയിൽ ആറു മാസത്തോളം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. ഇതിന് സമീപത്തായി പുളിമരത്തിൽ തൂങ്ങിമരിക്കാൻ പാകത്തിന് കൈലിയിൽ ഒരു കുടുക്ക് ഇട്ടിട്ടുണ്ടായിരുന്നു.

അതേ സമയം കഞ്ചാവ് - ലഹരി മാഫിയ സംഘം തമ്പടിക്കുന്ന സ്ഥലത്ത് മാസങ്ങൾ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയതിൽ ദുരൂഹതയേറുകയാണ്. ഇപ്പോൾ സപ്ലൈകോയുടെ സൂപ്പർമാർക്കറ്റുകളിലേക്കുള്ള മൊത്ത വിതരണ കേന്ദ്രമായി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പരിസരത്തായി നാല് ഏക്കറോളം സ്ഥലം കാട് പിടിച്ചു കിടക്കുകയാണ്. മുൻപ് ഇന്ത്യാ പ്രസ് ‌എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്ന ഒരു കെട്ടിടവുമുണ്ട് ഇവിടെ. ഈ ഭാഗത്ത് എസ്.പി.സി.എസിന്റെ ലിറ്റററി മ്യൂസിയം നിർമ്മിക്കുന്നതിനായി ജെ.സി.ബി ഉപയോഗിച്ച് കാട് വൃത്തിയാക്കുന്ന ജോലികൾ രണ്ടുദിവസമായി നടക്കുകയായിരുന്നു. ഇതിനിടെ ഇന്നലെ രാവിലെ ഒൻപതോടെയാണ് പുളിമരത്തിന്റെ ചുവട്ടിലായി പാന്റും അടിവസ്‌ത്രവും ധരിച്ച നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. തുടർന്ന് ജീവനക്കാർ ചിങ്ങവനം പൊലീസിൽ വിവരം അറിയിച്ചു. ചങ്ങനാശേരി ഡ‌ിവൈ.എസ്.പി വി.ജെ.ജോഫി, ചിങ്ങവനം സി.ഐ ബിൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. താടിയെല്ലും പല്ലുകളും അകന്നു മാറിക്കിടക്കുന്നുണ്ടായിരുന്നു. സമീപത്ത് ചെരിപ്പുമുണ്ട്. തൂങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. അസ്ഥികൂടം കണ്ടെത്തിയതിന്റെ തലേന്ന് പ്രദേശത്ത് നിന്ന് 2 മൊബൈൽ ഫോണുകൾ കണ്ടെത്തിയിരുന്നു. ഇത് പൊലീസിന് കൈമാറിയിട്ടുണ്ട്. ഇൻക്വസ്റ്റിന് ശേഷം വിശദമായ പരിശോധനകൾക്കായി അസ്ഥികൂടം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സയന്റിഫിക്ക് എക്‌സ്പേർട്ട് സംഘവും ഫോറൻസിക് വിദഗ്‌ദ്ധരും സ്ഥലത്ത് പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.