വൈക്കം : കേരളകൗമുദിയും നോർക്ക റൂട്ട്സും, കുവൈറ്റ് എയർവെയ്സും ലീഗൽ അഡ്വൈസറായ വൈക്കം തെക്കേനട രചനയിൽ രാജേഷ് സാഗറും ചേർന്ന് ഓൺലൈൻ പഠന സൗകര്യമില്ലാത്ത നിർദ്ധനരായ കുടുംബങ്ങളിലെ കുട്ടികൾക്ക് ടി.വി നൽകും. പൊതുപ്രവർത്തകർ, വിവിധ സ്കൂൾ അധികൃതർ എന്നിവരുടെ നിർദ്ദേശാനുസരണമാണ് കുട്ടികളെ തിരഞ്ഞെടുത്തത്. ടി.വി വിതരണം ഇന്ന് രാവിലെ 10 ന് കേരളകൗമുദി വൈക്കം ബ്യൂറോയിൽ നടക്കുന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്യും. 10 ടി.വി കളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്.
കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജേഷ് സാഗർ കൊവിഡ് വ്യാപനംമൂലം കുവൈറ്റിൽ ദുരിതമനുഭവിക്കുന്ന മലയാളികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതടക്കമുള്ള സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. തുടർ വിദ്യാഭ്യാസത്തിനും ഉപരിപഠന പ്രവേശന പരീക്ഷകൾക്കുമായി കുവൈറ്റിൽ നിന്നുള്ള വിദ്യാർത്ഥികളെ ചാർട്ടേഡ് വിമാനത്തിൽ കഴിഞ്ഞദിവസം നാട്ടിലെത്തിച്ചതിലും രാജേഷ് നേതൃത്വം വഹിച്ചിരുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം 327 പരാണ് കുവൈറ്റ് എയർവെയ്സുമായി സഹകരിച്ച് ക്രമീകരിച്ച ബോയിംഗ് 777 വിമാനത്തിൽ കൊച്ചിയിലെത്തിയത്. ക്വാറന്റൈനായി കൊച്ചിയിലെ വിവിധ ഹോട്ടലുകളിൽ സംവിധാനമേർപ്പെടുത്തിയിരുന്നു.