കോട്ടയം : മറിയപ്പള്ളിയിൽ കാടുപിടിച്ച സ്ഥലത്ത് കണ്ടെത്തിയ അസ്ഥികൂടത്തിന് ആറുമാസത്തിലേറെ പഴക്കമെന്ന് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം പൂർണമായും അഴുകിത്തീർന്നിട്ടുണ്ട്. എന്നാൽ അസ്ഥികൂടം കണ്ടെത്തിയത് കഞ്ചാവ്, ലഹരി സംഘങ്ങൾ തമ്പടിക്കുന്ന സ്ഥലത്താണെന്നത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു.
ഇവിടെ നേരത്തെ കഞ്ചാവ് മാഫിയ സംഘാംഗങ്ങൾ ഏറുമാടം കെട്ടിയിരുന്നു. രാത്രികാലങ്ങളിൽ ശല്യം രൂക്ഷമായതോടെ പൊലീസ് ഇടപെട്ട് ഏറുമാടം പൊളിച്ച് നീക്കി. കാട് പടർന്നു കിടന്ന സ്ഥലമായതിനാൽ ഇവിടെ മാലിന്യം തള്ളുന്നതും പതിവാണ്. ഇതാണ് മൃതദേഹം ആരുടെയും ശ്രദ്ധയിൽപ്പെടാതിരുന്നത്.
അസ്ഥികൂടത്തിന് സമീപത്ത് നിന്ന് കിട്ടിയ മൊബൈൽ ഫോണുകൾ സംഭവവുമായി ബന്ധമുണ്ടാകാൻ ഇടയില്ലെന്നാണ് പൊലീസ് പറയുന്നത്. മറ്റെന്തെങ്കിലും ആവശ്യത്തിന് ഇവിടെയെത്തി അസ്ഥികൂടം കണ്ടു ഭയന്നുപോയവരോ ലഹരിയിൽ മറന്നുപോയവരുടേതോ ആകാം ഫോണെന്നാണ് നിഗമനം. തൂങ്ങിമരണത്തിനിടെ കഴുത്തിലുണ്ടായ ക്ഷതമാകാം തലവേർപെടാൻ കാരണമെന്നാണ് സൂചന. സമീപകാലത്ത് കാണാതായവരെക്കുറിച്ചും കഞ്ചാവ്, ലഹരി മരുന്ന് ഇടപാടുകാരെ കേന്ദ്രീകരിച്ചുമാണ് പൊലീസ് അന്വേഷണം. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ബിൻസ് ജോസഫിനാണ് ചുമതല. സംഭവമറിഞ്ഞ് നിരവധിപ്പേർ സ്ഥലത്തെത്തിയിരുന്നു.