കോട്ടയം: വിശ്വഗുരുവായ ശ്രീനാരായണഗുരുദേവന്റെ ശിഷ്യനും ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായിരുന്ന മാധവാനന്ദസ്വാമിയുടെ 31-ാം സമാധിവാർഷിക ദിനം ഇന്ന്.കോട്ടയം മാന്നാനത്തെ പുരാതന ഈഴവകുടുംബമായ കുന്നത്തുപറമ്പിൽ അയ്യൻ, കൊച്ചുപെണ്ണ് ദമ്പതികളുടെ മൂത്തമകനായി പിറന്ന മാധവനാണ് പിന്നീട് മാധവാനന്ദസ്വാമിയായി മാറിയത്. ചെറുപ്പത്തിൽ തന്നെ ഭൗതിക ജീവിതത്തോടു വിരക്തി തോന്നിയ മാധവൻ ആത്മീയജീവിതത്തിൽ കൂടുതൽ ആകൃഷ്ടനായി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വീടുവിട്ടിറങ്ങി പുണ്യകേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും തീർത്ഥാടനം നടത്തി. കൈനകരി ഇളംകാവ് ക്ഷേത്രത്തിൽ ശാന്തിക്കാരനായാണ് വൈദികവൃത്തി ആരംഭിച്ചത്. 1923ൽ ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ ശ്രീനാരായണഗുരുദേവനെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങി.
1925-ൽ ശിവഗിരിയിലെത്തി ഗുരുവിൽ നിന്നു പ്രസാദം സ്വീകരിച്ചു ഗുരുദേവന്റെ ശുശ്രൂഷകനായി. ഗുരുദേവനെ റിക്ഷയിൽ കയറ്റി വലിക്കാനുള്ള ഭാഗ്യം മാധവനും കൈവന്നിരുന്നു. സന്യാസം സ്വീകരിച്ച മാധവൻ മാധവാനന്ദസ്വാമിയായി. ഗുരുവിന്റെ അന്ത്യനാളുകൾവരെ ഗുരുവിനെ പരിചരിക്കാനുമുള്ള ഭാഗ്യം മാധവാനന്ദസ്വാമിക്കു കൈവന്നു. ഗുരുദേവൻ മഹാസമാധിയായ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചവരിൽ ഒരാളാകാനും കഴിഞ്ഞു വർക്കല ശിവഗിരി ശാരദാമഠത്തിലെ ശാന്തിയായും കാൽനൂറ്റാണ്ട് കാലം ആലുവ അദ്വൈവതാശ്രമത്തിന്റെ സെക്രട്ടറിയായും സേവനമനുഷ്ടിച്ചു. 1984 ൽ ശിവഗിരി ധർമ്മസംഘം ട്രസ്റ്റിന്റെ ഖജാൻജിയായി. 1988 ൽ ധർമ്മസംഘ ട്രസ്റ്റിന്റെ പ്രസിഡന്റായി. ഗുരുദേവശിഷ്യനെന്ന മഹത്വം ജീവിതാവസാനം വരെയും സമീപനങ്ങളിലും സംഭാഷണത്തിലുമെല്ലാം പ്രകടമായിരുന്നു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായി ഒരു വർഷം തികഞ്ഞതിന്റെ പിറ്റേന്ന്, 1989 ജൂൺ 27ന് 83-ാം വയസിൽ മാധവാനന്ദസ്വാമി സമാധിയായി. 31-ാം സമാധിവാർഷികദിനമായ ഇന്ന് ശിവഗിരിയിലെ മാധവാനന്ദസ്വാമി സമാധിയിൽ പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനയും നടത്തും. മൂലകുടുംബമായ മാന്നാനത്തെ കുന്നത്തുപറമ്പിൽ കുടുംബയോഗാംഗങ്ങളും പങ്കെടുക്കും.