കോട്ടയം: കോട്ടയം സെൻട്രൽ ജംഗ്ഷനിൽ തെരുവുകച്ചവടത്തിരക്കിനിടെയാവും പലപ്പോഴും ലത്തീഫ് മുല്ലശേരിയുടെ മനസിൽ പാട്ടിന്റെ വരികൾ തെളിയുന്നത്. മറക്കാതിരിക്കാൻ ഉടൻ കുറിച്ചിടും. കച്ചവടം കഴിഞ്ഞ് വൈകിട്ട് വാടകവീടിന്റെ മൂലയ്ക്കുള്ള ശ്രുതിപ്പട്ടിയെടുത്ത് ആ വരികൾക്ക് സംഗീതമേകാതെ ഉറക്കമില്ല... ലത്തീഫ് ഇങ്ങനെ സൃഷ്ടിച്ച ഗാനങ്ങൾ എം.ജി.ശ്രീകുമാർ, സുജാത, വേണുഗോപാൽ, മധുബാലകൃഷ്ണൻ, അഫ്സൽ, വിജയ് യേശുദാസ്, ശ്വേത മോഹൻ തുടങ്ങി മലയാളത്തിലെ മുൻനിര ഗായകരുടെ ശബ്ദത്തിൽ ആസ്വാദക ഹൃദയങ്ങളെ കീഴടക്കി.
സിനിമയ്ക്ക് വേണ്ടിയുൾപ്പെടെ സംഗീതമൊരുക്കുകയും കെ.പി.എസ്.സിക്ക് വേണ്ടി നാടകമെഴുതുകയും ചെയ്ത ലത്തീഫിന് പക്ഷേ ജീവിക്കാനായി തെരുവുകച്ചവടമാണ് ആശ്രയം. ഗാനരചനയും സംഗീത സംവിധാനവും നാടക രചനയും മാത്രമല്ല ലത്തീഫിന്റെ ലോകം. ഹ്രസ്വചിത്രങ്ങളുടേയും ആൽബങ്ങളുടേയും സംവിധാനത്തിലും കഴിവ് തെളിയിച്ചു. ആസിഫലി ആദ്യമായി അഭിനയിച്ചതും ലത്തീഫിന്റെ ആൽബത്തിലാണ്.
ജീവിത തേരോട്ടത്തിൽ തോറ്റു
പത്തിലേറെ നാടകങ്ങളും 200 ലേറെ പാട്ടുകളും എഴുതി സംഗീതം നൽകിയ ലത്തീഫിന് ഒരടിമണ്ണുപോലും സ്വന്തമായില്ല. ഭാര്യ റെജീനാ ബീവിക്കൊപ്പം ചങ്ങനാശേരിയിലെ രണ്ട് മുറി വാടകക്കെട്ടിടത്തിലാണ് താമസം.
അമ്മ സാറാബിവിയുടെ താരാട്ടുപാട്ടാണ് ലത്തീഫിന്റെ സംഗീതവഴിയിൽ വിളക്കായത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംഗീതജ്ഞരായ എൽ.പി.ആർ. വർമ, ഭരതരാജ് ഭാഗവതർ, ചേർത്തല ശ്രീധരൻ ഭാഗവതർ തൃക്കൊടിത്താനും രവീന്ദ്രനാഥ് എന്നിവരിൽ നിന്നായി സംഗീതം പഠിച്ചു. ഭരതരാജ് ഭാഗവതർ ഹാർമോണിയം പഠിപ്പിച്ചപ്പോൾ അദ്ദേഹത്തിനൊപ്പം ഭജനയ്ക്ക് പോകുന്നത് പതിവായിരുന്നു. തൃക്കൊടിത്താനം സച്ചിതാനന്ദനടക്കമുള്ളവർക്കായി ഹാർമോണിയം വായിച്ചിട്ടുണ്ട് ഹാർമോണിയവുമായുള്ള അടുപ്പം സംഗീത സംവിധാനത്തിലേയ്ക്കെത്തിക്കുകയായിരുന്നു. കഴിഞ്ഞ വർഷം തേരോട്ടമെന്ന സിനിമയിൽ രണ്ട് പാട്ടുകളും ചിട്ടപ്പെടുത്തി.
സ്ക്രീൻ പ്രിന്റിംഗ് മേഖലയിലായിരുന്നു ആദ്യ ജോലി. കമ്പ്യൂട്ടറിന്റെ വരവോടെ ഡി.ടി.പി സജീവമായപ്പോൾ ജോലി പോയി. പിന്നീടാണ് ഇലക്ട്രോണിക് സാധനങ്ങളും വാച്ചും ക്ളിപ്പുകളുമൊക്കെ ഫുട്പാത്തിൽ വിൽക്കാൻ തുടങ്ങിയത്. അതാവുമ്പോൾ സൗകര്യത്തിന് തുറന്നാൽ മതി. കൗമാരം പിന്നിട്ടപ്പോൾ കലയ്ക്കായി നീക്കിയ ജീവിതമിപ്പോൾ അറുപത്തൊന്നിലെത്തി. പണമൊന്നും സമ്പാദിച്ചില്ലെങ്കിലും കലയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനായതിന്റെ സന്തോഷമുണ്ട് ആ മുഖത്ത്.
മനസിലെ വലിയ സ്വപ്നം
മലയാളത്തിലെ ഒട്ടുമിക്ക ഗായകരും ലത്തീഫിനായി പാടി. അപ്പോഴും വലിയൊരു സ്വപ്ന സാക്ഷാത്കാരത്തിനായി രണ്ട് പാട്ടുകളെഴുതി ആരെയും കേൾപ്പിക്കാതെ ശ്രുതിയിട്ട് സൂക്ഷിച്ചുവച്ചിട്ടുണ്ട് ലത്തീഫ്. ഒന്ന് ഗാനഗന്ധർവൻ യേശുദാസിനായും മറ്രൊന്ന് ഭാവഗായകൻ ജയചന്ദ്രനായും. ലത്തീഫിന്റെ ഒരേയൊരു സ്വപ്നം ഇതുമാത്രമാണ്!
'' എനിക്ക് സന്തോഷംമാത്രേയുള്ളൂ. കലയെ ഞാൻ കച്ചവടം ചെയ്യില്ല. കലയെനിക്ക് ഒരുപാട് സൗഹൃദങ്ങൾ തന്നു. അംഗീകാരങ്ങളൊന്നും കിട്ടിയില്ലെന്ന പരാതിയില്ല''- ലത്തീഫ് മുല്ലശേരി
'