കോട്ടയം : ലോകലഹരി വിരുദ്ധദിനത്തിൽ അഞ്ചുലിറ്റർ ചാരായവുമായി രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി. അയർക്കുന്നം അമയന്നൂർ വരകുമല കോളനിയിൽ കെ.കെ രാമാനുജൻ (55), വരകുമല കോളനിയിൽ താമസിക്കുന്ന തമിഴ്‌നാട് സേലം പുതുറോഡ് ജംഗ്ഷൻ സിറ്റിപാളയം ഭാഗത്ത് അങ്കമുത്തുമകൻ സിത്തൻ (52) എന്നിവരെയാണ് പിടികൂടിയത്. ഡ്രൈഡേ ദിനത്തിൽ വില്പന നടത്തുന്നതിനായി അയർക്കുന്നം ഭാഗത്ത് ചാരായം തയ്യാറാക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ്. എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗവും ഇന്റലിജൻസ് പ്രിവന്റീവ് ഓഫിസറുമായ ഫിലിപ്പ് തോമസ് ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇന്നലെ പുലർച്ചെ ചാരായം വാങ്ങാനെന്ന വ്യാജേന ഇദ്ദേഹം ഇരുവരെയും സമീപിച്ചു. പാമ്പാടി റേഞ്ച് പ്രിവന്റീവ് ഓഫീസർ കെ.എൻ വിനോദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ മനു ചെറിയാൻ, അഖിൽ പവിത്രൻ, ഗിരീഷ്‌കുമാർ, രവി ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. 2500 രൂപയാണ് ഒരു ലിറ്റർ ചാരായത്തിന് ഈടാക്കിയിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.