പാലാ : ഗുണ്ടാസംഘത്തലവന് റിമാൻഡ് പ്രതിയുടെ ഫേസ്ബുക്ക് ഭീഷണി. കൊലപാതകം അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ആർപ്പൂക്കര കൊപ്രായിൽ ജെയിസ് മോൻ ജേക്കബാണ് (അലോട്ടി -27) റിമാൻഡിൽ കഴിയുന്നതിനിടെ ഗുണ്ടാസംഘത്തലവനായ കുടമാളൂർ സ്വദേശി അരുൺ ഗോപനെ ഭീഷണിപ്പെടുത്തിയത്. ഗാന്ധിനഗർ പൊലീസ് രജിസ്റ്റർ ചെയ്‌ത ചാരായക്കേസിൽ കോടതി റിമാൻഡ് ചെയ്‌ത അലോട്ടിയെ, കടുത്തുരുത്തി പൊലീസ് രജിസ്റ്റർ ചെയ്‌ത കഞ്ചാവ് കേസിലും അറസ്റ്റ് ചെയ്‌തിരുന്നു.
റിമാൻഡ് ചെയ്‌ത അലോട്ടിയെ പാലാ ജനറൽ ആശുപത്രിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്‌ച അർദ്ധരാത്രിയോടെ ഭീഷണി മുഴക്കിയത്.
ഞാൻ ഇവിടെ തന്നെയുണ്ട്, നീ നിന്റെ എല്ലാരെയുമായിട്ടു വാ...എന്നായിരുന്നു ഭീഷണി സന്ദേശം.
കടുത്തുരുത്തിയിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ തന്നെ കുടുക്കിയത് അരുൺ ഗോപനും സംഘവുമാണെന്നാണ് അലോട്ടിയും സംഘാംഗങ്ങളും പ്രചരിപ്പിക്കുന്നത്. റിമാൻഡ് പ്രതി സോഷ്യൽ മീഡിയ ഉപയോഗിച്ച സംഭവം വിവാദമായതോടെ പൊലീസും ജയിൽവകുപ്പ് അധികൃതരും ജയിലിൽ പരിശോധന നടത്തി. മൊബൈൽ ഫോണും സിം കാർഡും പിടിച്ചെടുത്തു.അലോട്ടിയ്‌ക്കെതിരെ അരുൺ ഗോപൻ ഗാന്ധിനഗർ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.