ചങ്ങനാശേരി: ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥ. ഒരു മഴ മതി വീടിന്റെ അടിത്തറയിളക്കാൻ. വീട് നിലംപൊത്തിയാൽ പതിക്കുന്നതാകട്ടെ മറ്റൊരു വീടിന്റെ മുകളിലും. ഇത്തിത്താനം കല്ലുകടവ് തോട്ടുപുറത്ത് സ്ഥിതി ചെയ്യുന്ന ഇരുവീടുകളും ഒരേസമയം അപകടാവസ്ഥയിലാണ്.
ചാലച്ചിറകല്ലുകടവ് റോഡിൽ തോട്ടുപുറമ്പോക്കിൽ താമസിക്കുന്ന വിധവയായ വീട്ടമ്മയും മക്കളും താമസിക്കുന്ന വീടിന്റെ പിന്നിലെ മണ്ണിടിഞ്ഞ് താഴാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഈ വീടിന്റെ തൊട്ടുതാഴെയായി തോട്ടു പുറമ്പോക്കിൽ താമസിക്കുന്ന രണ്ടു കുട്ടികളടങ്ങിയ കുടുംബവും മരണഭീതിയിലാണ്. ബ്ലോക്ക് പഞ്ചായത്ത് അംഗവും റവന്യു അധികാരികളും മുൻകൈയെടുത്ത് വിധവയായ വീട്ടമ്മയേയും മക്കളെയും മലകുന്നം ഗവ.എൽ.പി.സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ സ്‌കൂളിൽ താമസസൗകര്യം പരിമിതമായതിനാൽ ഇവർ വാടകവീട്ടിലേക്ക് താമസം മാറ്റി. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലവും വീടും നൽകാമെന്ന് പഞ്ചായത്ത് അറിയിച്ചെങ്കിലും ഒന്നും നടന്നില്ല. അടുത്ത ലിസ്റ്റിൽ ഉൾപ്പെടുത്തി വീട് നല്കാമെന്നും അതുവരെ വാടകയ്ക്ക് താമസിക്കാനുമാണ് ജനപ്രതിനിധികളുടെ ഉദേശം. ജോലിക്ക് പോകാൻ കഴിയാത്ത ഹൃദ്രോഗിയായ വീട്ടമ്മ ആഹാരത്തിനുപോലും ബുദ്ധിമുട്ടുമ്പോൾ വാടക കൂടി കണ്ടെത്തേണ്ട ഗതികേടിലാണ്. വീടിന്റെ ദുരവസ്ഥ നിരവധി തവണ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും വീട്ടമ്മയും കുടുംബവും പറയുന്നു. അതേസമയം തങ്ങൾ സ്വന്തം വീട്ടിൽ നിന്നും മാറില്ലെന്ന തീരുമാനത്തിലാണ് താഴെ താമസിക്കുന്ന കുടുംബം. മറ്റൊരു വീട്ടിൽ വാടകകൊടുത്ത് ജീവിക്കാൻ കൂലിപ്പണിക്കാരനായ തനിക്ക് കഴിവില്ലെന്ന് വീട്ടുടമ പറയുന്നു. വിഷയത്തിൽ പഞ്ചായത്ത്‌റവന്യു അധികാരികൾ അടിയന്തിരമായി ഇടപെടണമെന്ന് ഇത്തിത്താനം വികസനസമിതി ആവശ്യപ്പെട്ടു.
ഒട്ടും ലൈഫില്ല!
കുറിച്ചി ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിട്ടുണ്ട്. നാല് വർഷം മുൻപ് ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷിക്കുകയും ലിസ്റ്റിൽ പേരുൾപ്പെടുകയും ചെയ്തവർക്ക് പോലും വീട് ലഭിച്ചിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം.