പരുത്തുംപാറ: സാമ്പത്തിക പരാധീനത മൂലം പഠനം മുടങ്ങിയ വിദ്യാർത്ഥിയ്ക്ക് കൈത്താങ്ങായി സർക്കാർ ജീവനക്കാരും ഓട്ടോ ഡ്രൈവർമാരും. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുമായി ചേർന്നാണ് പരുത്തുംപാറയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയ്‌ക്കു ടി.വിയും കേബിൾ ടി.വി കണക്ഷനും എടുത്തു നൽകിയത്.

പനച്ചിക്കാട് ടൗണിലെ ഓട്ടോഡ്രൈവറായിരുന്ന കുടുംബനാഥൻ രോഗ ബാധിതനായി തളർന്നു കിടപ്പിലായതോടെയാണ് മകന്റെ പഠനം വഴിമുട്ടിയത്. ഇതേ തുടർന്ന് മകന്റെ പഠനസൗകര്യത്തിനായി വിവിധ സന്നദ്ധ സംഘടനകളുടെ സഹായം തേടുകയായിരുന്നു. ഐ.എൻ.ടി.യു.സി പരുത്തുംപാറ പാറക്കവല യൂണിറ്റിലെ ഓട്ടോ ഡ്രൈവർമാരും എൻ.ജി.ഒ അസോസിയേഷനും സഹായം ലഭ്യമാക്കാൻ മുന്നോട്ടുവന്നു.. എൻ.ജി.ഒ അസോസിയേഷൻ ടൗൺ ബ്രാഞ്ച് കമ്മിറ്റി ഇവരുടെ വീട്ടിലേയ്‌ക്കു ടി.വി വാങ്ങി നൽകി. കേബിൾ കണക്ഷനുള്ള തുകയും, ഒരു വർഷത്തെ വാർഷിക വരിസംഖ്യയും ഓട്ടോറിക്ഷാ തൊഴിലാളികൾ നൽകി. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഇവരുടെ വീട്ടിലെത്തി ടി.വി വിതരണം ചെയ്‌തു. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് രഞ്ജു കെ.മാത്യു, ടൗൺ ബ്രാഞ്ച് പ്രസിഡൻ്റ് സജിമോൻ സി.എബ്രഹാം, പനച്ചിക്കാട് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ റോയി മാത്യു, ഐ.എൻ.ടി.യു.സി യൂണിയൻ കൺവീനർ ഇ.വി ജോസ് എന്നിവർ നേതൃത്വം നൽകി.