പാലാ: ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി അധികൃതരുടെ അനുവാദമില്ലാതെ നടത്തിയ മോക്ഡ്രിൽ കളി കാര്യമാക്കി. '
'ആത്മഹത്യ' ചെയ്യാൻ തുനിഞ്ഞ മോക്ഡ്രിൽ അഭിനേതാവ് കുറവിലങ്ങാട് സ്വദേശി ജോയി ചേലേക്കണ്ടം (54) പരിപാടിയുടെ സംഘാടകനായി സ്വയം അവകാശപ്പെട്ട മദ്യവിരുദ്ധ സമിതി നേതാവ് പ്രസാദ് കുരുവിള(52)എന്നിവർക്കെതിരെ കേസെടുത്തതായി പാലാ പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പാലാ മുനിസിപ്പൽ കോംപ്ലക്‌സിലെ നാലാം നിലയിൽ
മുനിസിപ്പൽ സൈറൻ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് ഒരാൾ കയറിപോവുകയും ഇയാൾ ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്യുന്നതായി അറിഞ്ഞ് നിരവധിയാളുകൾ മുനിസിപ്പൽ കോംപ്ലക്‌സിന് മുന്നിൽ തടിച്ചുകൂടി. ഇതിനിടെ മുകളിൽ നിന്ന 'മദ്യപൻ' ആളുകൾക്ക് നേരെ കുപ്പിയും ഇഷ്ടിക കഷണവുമൊക്കെ വലിച്ചെറിഞ്ഞു. ഇതോടെ ജനങ്ങൾ ചിതറിയോടി. ബഹളത്തിനിടെ ഇതു വഴിയെത്തിയ ഒരു മാരുതി കാറിൽ ടിപ്പർലോറിയിടിച്ചു.
ജനം കൂടിയതോടെ ഗതാഗതവും സ്തംഭിച്ചു.
'ആത്മഹത്യക്കാരന്റെ ' അഭിനയം അതിരുവിട്ടതോടെ മുനിസിപ്പൽ കൗൺസിലർമാരുൾപ്പെടെ താഴെ കാത്തുനിന്ന ജനങ്ങൾ രോഷാകുലരായി.
ഇതോടെ സ്ഥലത്തെത്തിയ ഫയർ ഫോഴ്‌സ് സംഘം 'മദ്യപനെ ' അനുനയിപ്പിച്ച് താഴെയിറക്കിക്കൊണ്ടുവന്നപ്പോഴാണ് ഇത് മോക്ഡ്രില്ലാണന്ന് മുനിസിപ്പൽ കൗൺസിലർമാരും തടിച്ചുകൂടിയ ജനവുമറിയുന്നത്. ഇതോടെ ജോയിയേയും പ്രസാദ് കുരുവിളയെയും ജനങ്ങൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും പാലാ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപാനിയുണ്ടാക്കുന്ന സാമൂഹിക പ്രശ്‌നങ്ങൾ മോക്ഡ്രില്ലിലൂടെ ബോധവത്ക്കരണ സന്ദേശമായി ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട കളി കാര്യമാവുകയായിരുന്നു. കൊവിഡ് കാലത്ത് ആളുകളെ തെറ്റിദ്ധരിപ്പിച്ച് തടിച്ചുകൂടാനിടയാക്കിയതിന്റെ പേരിലാണ് ജോയിക്കും പ്രസാദ് കുരുവിളയ്ക്കുമെതിരെ കോവിഡ് ആക്ട്പ്രകാരം കേസെടുത്തതെന്നും മോക്ഡ്രില്ലിന് അനുവാദം കൊടുത്തിരുന്നില്ലന്നും പാലാ ഡി.വൈ.എസ്.പി കെ.ബൈജുകുമാർ പറഞ്ഞു. അതേസമയം പാലാ സർക്കിൾ ഇൻസ്‌പെക്ടർ അനൂപ്‌ജോസിന് രേഖാമൂലം കത്ത് നൽകിയശേഷമാണ് മോക്ഡ്രിൽ നടത്തിയതെന്ന് മദ്യവിരുദ്ധ സമിതിനേതാവ് പ്രസാദ് കുരുവിള പറയുന്നു. മുൻധാരണ പ്രകാരം മോക്ഡ്രിൽ ആരംഭിച്ചെങ്കിലും പൊലീസ് യഥാസമയം എത്താതിരുന്നതാണ് പ്രശ്‌നമായതെന്നും പ്രസാദ് വിശദീകരിച്ചു. ഫയർ ഫോഴ്‌സ്,പാലാ നഗരസഭാധികാരികൾ എന്നിവരോടും കൂടി ആലോചിച്ചാണ് മോക്ഡ്രിൽ തീരുമാനിച്ചതെന്നും പ്രസാദ് പറഞ്ഞു.
സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം
ഇതിനിടെ പാലായിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിപാടിയുടെ നടത്തിപ്പിൽ പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം
ആരംഭിച്ചു. മോക്ഡ്രില്ലിനെക്കുറിച്ച് മുൻകൂട്ടിയറിയാമായിരുന്ന ഈ ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും സഹപ്രവർത്തകരോടും ഇക്കാര്യം
അറിയിക്കാതിരുന്നതാണ് വിനയായത്. ഇതേ സമയം ഇത്തരം വ്യത്യസ്ത ബോധവത്ക്കരണ പരിപാടികളുമായി മദ്യവിരുദ്ധ സമിതി ഇനിയും രംഗത്തുണ്ടാവുമെന്ന് പ്രസാദ് കുരുവിള പറഞ്ഞു.