പാലാ: ജീവൻ നശിപ്പിക്കുന്ന പ്രവണത വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ ഒരു ജീവൻ എങ്കിലും രക്ഷിക്കുക എന്നത് മഹത്തരവും ദൈവികവുമാണെന്ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. തോട്ടിൽ വീണൊഴുകിയ രണ്ടു വയസുകാരി തെരേസയുടെ ജീവൻ രക്ഷിച്ചവരെ ആദരിക്കാൻ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനും മരിയൻ മെഡിക്കൽ സെന്ററും ചേർന്നു സംഘടിപ്പിച്ച സ്‌നേഹാദരവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ ആനന്ദ് സുബാഷ്, നിഖിൽ മാത്യു, ഡിയോൺ നോബി, റെയോൺ നോബി, തോമസ് മാത്യു, എബിൻ ഫ്രാൻസീസ്, ഡോ. ജോർജ് മാത്യു പുതിയിടം, മാണി സി .കാപ്പൻ എം എൽ എ, സിനീത് കരുണാകരൻ, ഡോ അലക്‌സ് മാണി, ഡോ ആഷിക് ജോസ് ടോം, സി ബ്ലെസി,സി.ജിൻസി എന്നിവരെ ബിഷപ്പ് ആദരിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ മേരി ഡൊമിനിക് അദ്ധ്യക്ഷത വഹിച്ചു. മാണി.സി കാപ്പൻ എം.എൽ.എ, റവ.ഡോ ജോർജ് ഞാറക്കുന്നേൽ, ഡോ അലക്‌സ് മാണി, ഡോ മാത്യു തോമസ്, മരിയൻ മെഡിക്കൽ സെന്റർ അഡ്മിനിസ്‌ട്രേറ്റർ സി ഷേർളി ജോസ്, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, തെരേസയുടെ മാതാവ് ബിന്ദു എന്നിവർ പ്രസംഗിച്ചു. അപകടത്തിൽപ്പെട്ട തെരേസയും മാതാപിതാക്കളായ ബിന്ദുവും ജോമിയും ചടങ്ങിൽ സന്നിഹിതരായിരുന്നു.