പൊൻകുന്നം: അരവിന്ദ ആശുപത്രിയിലെ കാഷ് കൗണ്ട് ജീവനക്കാരിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പള്ളിക്കത്തോട്ടിൽ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുവാണ് ഇവർ. ഇന്നലെ പരിശോധനഫലം പോസിറ്റീവായതോടെ ഇവരുമായി പ്രാഥമിക സമ്പർക്കമുണ്ടായ 45 ആശുപത്രി ജീവനക്കാരെ ക്വാറന്റൈനിലാക്കി. ജീവനക്കാരി 19 ന് രാവിലെ വരെയാണ് കാഷ് കൗണ്ടറിൽ സേവനമനുഷ്ഠിച്ചത്. ആരോഗ്യവകുപ്പ് അധികൃതരെത്തി ജീവനക്കാരിയുടെ പ്രാഥമിക സമ്പർക്കപ്പട്ടിക തയാറാക്കി. തുടർന്നാണ് ജീവനക്കാരോട് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. ആശുപത്രിയും പരിസരവും ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശങ്കയിലായ ഭൂരിഭാഗം രോഗികളും ഡിസ്ചാർജ് വാങ്ങി മടങ്ങി. ആശുപത്രിയിൽ എത്തിയ രോഗികൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. എന്നാൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രശ്നം നേരിട്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും ഹെൽത്ത് സൂപ്പർവൈസർ ജോർജുകുട്ടി സെബാസ്റ്റ്യൻ അറിയിച്ചു. ഒ.പി.വിഭാഗം ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അത്യാഹിത വിഭാഗം പ്രവർത്തിക്കും. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിച്ചാവും ഒ.പി.യുടെ തുടർന്നുള്ള പ്രവർത്തനം.