കോട്ടയം : വിവാദം മാത്രമല്ല വികസനത്തിന്റെ നാളുകൾ കൂടിയായിരുന്നു കഴിഞ്ഞദിവസം അധികാരമൊഴിഞ്ഞ എം.ജി സിൻഡിക്കേറ്റിന്റേത്. മാർക്ക് ദാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ മങ്ങലേൽപ്പിച്ചെങ്കിലും മറ്റ് സർവകലാശാലകൾക്ക് മാതൃകയാകും വിധം സേവനങ്ങൾ ഓൺലൈനാക്കിയും അക്കാഡമികരംഗത്ത് വലിയ മുന്നേറ്റങ്ങൾക്കും 23 അംഗ സിൻഡിക്കേറ്റിന് നേതൃത്വം നൽകാനായി.

ഏറ്റവും കൂടുതൽ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്നത് എം.ജിയിലാണ്. ഡിഗ്രി സർട്ടിഫിക്കറ്റും ട്രാൻസ്ക്രിപ്റ്റുമടക്കം ഏഴു സേവനങ്ങൾ കൂടി ഓൺലൈനാക്കിയതോടെ ഭൂരിഭാഗം സേവനങ്ങളും ഓൺലൈനായി ലഭിക്കുന്ന കേരളത്തിലെ ആദ്യ സർവകലാശാലയായി എം.ജി മാറി. ഫയൽ വേഗത്തിൽ തീർപ്പാക്കാൻ ഓൺലൈൻ സംവിധാനമായ ഡി.ഡി.എഫ്.എസ് 2018ൽ നടപ്പാക്കി. കൊവിഡ് പശ്ചാത്തലത്തിൽ പി.എച്ച്.ഡി, എം.ഫിൽ വൈവകൾ ഓൺലൈനിലാക്കി. ബിരുദബിരുദാനന്തര - ബിരുദ പരീക്ഷകൾക്ക് ചോദ്യപേപ്പർ ഓൺലൈനായി നൽകുന്നതും ഓൺലൈൻ ചോദ്യബാങ്ക് സംവിധാനവും വിജയകരമാക്കി. അവസാന സെമസ്റ്റർ യു.ജി-പി.ജി. പരീക്ഷ ഫലം റെക്കാഡ് വേഗത്തിൽ പ്രഖ്യാപിച്ച് ചരിത്രം കുറിച്ചു.

അക്കാഡമി രംഗത്തും നേട്ടം
കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 9.9 കോടി രൂപയുടെ ശാസ്ത്രഗവേഷണ ധനസഹായം, റൂസ പദ്ധതിയിൽ നിന്നുള്ള സാമ്പത്തിക സഹായമടക്കം ലഭിച്ചു. വിദേശസർവകലാശാലകളുമായി സംയുക്തഗവേഷണ പദ്ധതികൾ നടപ്പാക്കി. യു.ജി, പി.ജി, ബി.ആർക് പാഠ്യപദ്ധതികൾ സമയബന്ധിതമായി പരിഷ്‌ക്കരിച്ചു. 16 പഠനഗവേഷണ കേന്ദ്രങ്ങളെ ഒരു കുടക്കീഴിലാക്കി.

വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം

23 കോടി രൂപയുടെ സൗരോർജ്ജ പദ്ധതി

15 തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകൾ

നൂതന വിഷയങ്ങളിൽ പഠനവകുപ്പുകൾ

 ഇന്ത്യയിലെ മികച്ച 50 വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്ന്