കോട്ടയം : പത്ത് വർഷത്തിലേറെയായി കുരമകത്ത് ഹൗസ് ബോട്ടിൽ തൊഴിലാളിയാണ് സജീവ്. ലോക്ക് ഡൗണിൽ ബോട്ടുകൾ കരയ്ക്കടിപ്പിച്ചതോടെ രാവിലെ വള്ളവുമെടുത്ത് കായലിൽ പോകും. വലവീശി മീൻ പിടിക്കും. കുമരകത്ത് എത്തിച്ച് വിൽക്കും. സജീവിനെപ്പോലെ നിരവധിപ്പേരാണ് പുതിയ തൊഴിൽമേഖല തേടിയത്.

കുമരകത്തെ തദ്ദേശീയരുടെ പ്രധാന വരുമാനമാർഗമായ ഹൗസ് ബോട്ടുകളുടെ പ്രവർത്തനം നിലച്ചിട്ട് മൂന്നരമാസമാകുന്നു. ഹൗസ് ബോട്ടുകളുടെ പ്രവർത്തനം പൂർവ സ്ഥിതിയിലാകുന്നതു വരെ ജീവിക്കാൻ മറ്റ് തൊഴിൽ മേഖലകളിലേക്കു തിരിയുകയാണ് ബോട്ട് ഉടമകളും ജീവനക്കാരും. സർക്കാർ പ്രഖ്യാപിച്ച 6 മാസത്തെ മൊറട്ടോറിയം അല്ലാതെ മറ്റ് ആനുകൂല്യങ്ങളോ സഹായമോ ലഭിക്കാത്തതാണ് ഇവരെ വെട്ടിലാക്കിയത്.

ഉടമകളും തൊഴിലെടുക്കുന്നു

കൂലികൊടുക്കാൻ പണമില്ലാത്തതിനാൽ കുമരകത്തെ പ്രധാന ബോട്ടുകളുടെ ക്ളീനിംഗ് ജോലികളെല്ലാം ചെയ്യുന്നത് ഉടമകൾ തന്നെയാണ്. 100 ബോട്ടുകളുണ്ട് കുമരകത്ത്. ടൂറിസംമേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർ അയ്യായിരത്തോളം വരും. ചിലർ മീൻപിടിക്കാൻ പോകുമ്പോൾ ലോട്ടറിക്കച്ചവടവും കൂലിപ്പണിയുമൊക്കെ തൊഴിലാക്കിയവരേറെയാണ്.

100 ബോട്ടുകൾ

5000 തൊഴിലാളികൾ

ഇനിയും പണം മുടക്കണം

ബോട്ടുകൾ മാസങ്ങളായി ഉപയോഗിക്കാത്തതിനാൽ ഇനി പ്രവർത്തനം ആരംഭിക്കുമ്പോൾ ഒരു ബോട്ട് ശരിയാക്കാൻ 3 ലക്ഷത്തോളം രൂപ വേണ്ടിവരും. ഓടാതെ കിടന്ന് എൻജിനുകൾക്ക് കേടുപാടുകളുമുണ്ടായിട്ടുണ്ട്.