കോട്ടയം : മറിയപ്പള്ളി ഇന്ത്യപ്രസിന്റെ കാടുപിടിച്ച പറമ്പിൽ കണ്ടെത്തിയ അസ്ഥികൂടം ഈ മാസം മൂന്നിന് കാണാതായ വൈക്കം കുടവച്ചൂർ താമിക്കല്ല് ഭാഗത്ത് വെളുത്തേടത്ത് ചിറയിൽ ജിഷ്ണു ഹരിദാസിന്റേതാണെന്ന് (23) പൊലീസ്. എന്നാൽ ഡി.എൻ.എ പരിശോധനാ ഫലം ലഭിച്ച ശേഷമേ ഇക്കാര്യം ഉറപ്പിക്കൂ. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോണും വസ്ത്രാവശിഷ്ടങ്ങളും പഴ്സും ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെയാണ് പൊലീസ് ഈ നിഗമനത്തിൽ എത്തിയത്. കുമരകം ആശിർവാദ് ബാറിലെ ജീവനക്കാരനായിരുന്നു ജിഷ്ണു.
അതേസമയം, ജിഷ്ണുവിന്റെ കഴുത്തിൽക്കിടന്ന 4 പവന്റെ മാലയും കൈവശമുണ്ടായിരുന്ന ബാഗും കണ്ടെത്താനായില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.
ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ അസ്ഥികൂടത്തിന് ഒരു മാസത്തോളം പഴക്കമുണ്ടെന്നും, 21 വയസിനു മുകളിൽ പ്രായമുള്ള ആളുടേതാണെന്നും ഉറപ്പിച്ചിട്ടുണ്ട്. ഡി.എൻ.എ പരിശോധനയ്ക്കായി ജിഷ്‌ണുവിന്റെ മാതാപിതാക്കളുടെ സാമ്പിളും ശേഖരിച്ചിട്ടുണ്ട്. ഫലം ലഭിക്കാൻ 14 ദിവസമെടുക്കും.
വെള്ളിയാഴ്‌ച രാവിലെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കാട് വൃത്തിയാക്കിയവർ അസ്ഥികൂടം കണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. അസ്ഥികൂടം കിടന്നതിനു സമീപത്തെ മരത്തിൽ ഒരു തുണി തുങ്ങിക്കിടക്കുന്നതും കണ്ടെത്തിയിരുന്നു. ഇത് ജിഷ്ണുവിന്റെ ഷർട്ടിന്റെ അവശിഷ്ടമാണെന്നാണു സംശയം. ധരിച്ച ജീൻസിന്റെ അവശിഷ്ടം അസ്ഥികൂടത്തിലുണ്ട്. കോഴിമാലിന്യം ഉൾപ്പെടെ തള്ളുന്ന സ്ഥലമായതിനാലാണ് ഗന്ധം പുറത്തറിയാത്തതെന്ന് പൊലീസ് പറഞ്ഞു.
മൂന്നിന് രാവിലെ എട്ടോടെ വീട്ടിൽ നിന്ന് ജോലിക്കായി പുറപ്പെട്ട ജിഷ്ണു പിന്നീട് തിരിച്ചെത്തിയില്ല. ഫോൺ സ്വിച്ച് ഓഫുമായിരുന്നു. തുടർന്ന് ബന്ധുക്കൾ വൈക്കം പൊലീസിൽ പരാതി നൽകി. കാണാതായ ദിവസം രാവിലെ 8.45 ന് ബാറിന്റെ പടിക്കൽ വരെ എത്തിയശേഷം ജിഷ്‌ണു കോട്ടയം ഭാഗത്തേക്കുള്ള ബസിൽ കയറി പോയെന്ന് സെക്യൂരിറ്റി ജീവനക്കാരൻ മൊഴി നൽകി. കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറും ജിഷ്ണുവിന്റെ ചിത്രം തിരിച്ചറിഞ്ഞിരുന്നു.
ദിവസങ്ങളോളം അന്വേഷിച്ചിട്ടും കണ്ടെത്താത്തതിനെ തുടർന്ന് പൊലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കി. ഇതിനിടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
4 പവൻ മാലയെവിടെ ?
ജിഷ്ണുവിന്റെ 4 പവന്റെ മാലയും ബാഗും കണ്ടെത്തുന്നതിനായി പൊലീസ് ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയ പുരയിടത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വീട്ടിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണ് സംഭവസ്ഥലം. ഇവിടെ ജിഷ്‌ണു എത്തിയതിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. സമഗ്ര അന്വേഷണം നടത്തി നിജസ്ഥിതി പുറത്ത് കൊണ്ടുവരണമെന്ന് ഇവർ ആവശ്യപ്പെട്ടു.