ടെൻഡർ നൽകിയിരിക്കുന്നത് 4 കമ്പനികൾ
കോട്ടയം : വർഷങ്ങളായി പ്രവർത്തനം നിലച്ച വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയ്ക്ക് (എച്ച്.എൻ.എൽ) വീണ്ടും ജീവൻവയ്ക്കുന്നത് പൊതുമേഖലയിൽ തന്നെ. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ കമ്പനി ഏറ്റെടുക്കാൻ ടെൻഡർ നൽകിയിരിക്കുന്നത് നാല് പൊതുമേഖലാസ്ഥാപനങ്ങളാണ്. എച്ച്.എൻ.എൽ സ്വകാര്യവത്കരിക്കുന്നതിന് കേന്ദ്ര സർക്കാർ ടെൻഡർ നടപടികൾ ആരംഭിച്ചതോടെ സംസ്ഥാന സർക്കാർ വക 700 ഏക്കർ സ്ഥലം ഉത്തരേന്ത്യൻ റിയൽ എസ്റ്റേറ്റ് ലോബികളുടെ കൈയിലാകുമോ എന്ന ആശങ്ക ഉയർന്നിരുന്നു.
സ്ഥലം സ്വകാര്യ വ്യക്തികൾക്ക് കൈമാറാനാവില്ലെന്ന നിബന്ധനയോടെ കേന്ദ്രസർക്കാരിന് സംസ്ഥാന സർക്കാർ സ്ഥലം വിട്ടുകൊടുത്തത് കമ്പനി ലാ ട്രിബ്യൂണൽ വിധി കേരളത്തിന് അനുകൂലമാവുകയായിരുന്നു. 25 കോടിയ്ക്ക് കമ്പനി ഓഹരികളും 400 കോടിയുടെ ബാദ്ധ്യതകളും അടക്കം എച്ച്.എൻ.എൽ കൈമാറാനായിരുന്നു ട്രിബ്യൂണൽ തീരുമാനം. എച്ച്എൻ.എല്ലിന് വായ്പ നൽകിയ ബാങ്കുകൾ തങ്ങളുട കുടിശിക തീർത്തിട്ടേ സ്ഥാപന കൈമാറാവൂ എന്നാവശ്യപ്പെട്ട് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും സർക്കാരിന് കൈമാറാനുള്ള തീരുമാനം മാറ്റാനായില്ല.
ടെൻഡർ നൽകിയത്
കെ.എസ്.ഐ.ഡി.സി
കിൻഫ്ര
മലബാർ സിമന്റ്സ്
കൊച്ചിൻ കെമിക്കൽസ്
29 ന് അന്തിമപട്ടിക
ടെൻഡർ പട്ടിക സംബന്ധിച്ച് തടസവാദങ്ങൾ സമർപ്പിക്കാനുള്ള സമയം ഇന്നലെ വരെയായിരുന്നു. 29 ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും. തുടർന്ന് കമ്പനികൾ ഏറ്റെടുക്കൽ പദ്ധതി സമർപ്പിക്കണം. ഇതിൽ നിന്ന് ഒരു കമ്പനിയെ നടത്തിപ്പിന് തിരഞ്ഞെടുക്കും.
യന്ത്രങ്ങൾ തകരാറിൽ
200 കോടി അടിയന്തരമായി ലഭ്യമാക്കിയാൽ എച്ച്.എൻ.എൽ തുറന്ന് പ്രവർത്തിപ്പിക്കാനാകുമെന്ന് തൊഴിലാളി സംഘടനാനേതാക്കൾ പറയുന്നു. 150 കോടി ബാങ്ക് വായ്പയാണ്. മാസങ്ങളായി പ്രവർത്തനം നിലച്ചതോടെ യന്ത്രങ്ങൾ തകരാറിലാണ്. ഉത്പാദന ശേഷി കുറഞ്ഞ സാഹചര്യത്തിൽ ഫാക്ടറി നടത്തിക്കൊണ്ടു പോകുന്നതിന് ആധുനികവത്കരണം വേണ്ടിവരും.
സ്ഥിരം തൊഴിലാളികൾ : 1400
അനുബന്ധ തൊഴിലാളികൾ : 5000