എലിക്കുളം: കൊതുകുജന്യ രോഗങ്ങളെ നിയന്ത്രിക്കാൻ പൈക സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ എലിക്കുളം, പള്ളിക്കത്തോട് പഞ്ചായത്തുകളിൽ 'എന്റെ തോട്ടം ഉറവിട രഹിതം' പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ എലിക്കുളം പഞ്ചായത്തിലെ 356 തോട്ടം ഉടമകളെ സന്ദർശിച്ച് കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കാൻ അറിയിപ്പ് നൽകി. ഇതിനായി 48 പേരടങ്ങിയ സന്നദ്ധസംഘം പ്രവർത്തനം തുടങ്ങി. ആരോഗ്യ പ്രവർത്തകർ ആശ, സന്നദ്ധ പ്രവർത്തകർ എന്നിവർ ഇതിൽ പങ്കാളികളാണ്. 186 തോട്ടങ്ങളിൽ പരിശോധന നടത്തി. ഉറവിടങ്ങൾ നീക്കാൻ കാലതാമസം വരുത്തിയ ആറുപേർക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകി. വരുംദിവസങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങളും നിയമനടപടികളും ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.