car

കോട്ടയം : വീട്ടമ്മമാർക്ക് കൈത്തോഴിയായ് കൈമുറിയാതെ തേങ്ങ യന്ത്രച്ചിരവയിൽ ഇനി ചിരണ്ടാം. സാധാരണ ചിരവയുടെയും സദ്യകൾക്ക് ഉപയോഗിക്കുന്ന വലിയ യന്ത്രച്ചിരവയുടേയും നാക്കിൽ വിരലുകളോ കൈയോ തട്ടിയാൽ നന്നായി മുറിയുമെന്നതിനാൽ ചിരവ നാക്ക് പലർക്കും പേടി സ്വപ്നമാണ്. ഈ യന്ത്രത്തിൽ തേങ്ങ ചിരണ്ടുമ്പോൾ നാക്കിൽ പിടിച്ചാലും കൈമുറിയില്ല. ചിരട്ടയിൽ നിന്ന് വേർപെട്ട ഉണങ്ങിയ തേങ്ങയുടെ പീരയും പൂർണമായും ചിരവി എടുക്കാനാകും. തേങ്ങാ മുറിയുടെ ഉള്ളിൽ ഫിറ്റാകുന്ന ഡൂം ആകൃതിയിൽ വെജിറ്റബിൾ സ്ക്രാപ്പർ പോലെ തിരിയുമ്പോൾ തേങ്ങ ചിരകി വീഴാനുള്ള ദ്വാരങ്ങൾ നിർമ്മിച്ചാണ് ചിരവ നാക്ക് പരിഷ്കരിച്ചത്. മാഗ്നറ്റിക് ഹോൾഡിംഗ് ആയതിനാൽ പലതവണ ഓരോ യൂണിറ്റും മാറ്റി ഘടിപ്പിക്കും. മുട്ട പതയ്ക്കാനും തൈര് കടയാനുമുള്ള കടകോൽ, അടുക്കള കത്തി മൂർച്ച കൂട്ടാനുള്ള ചെറു ഗ്രൈൻഡറും ഇതിനൊപ്പമുണ്ട്.എല്ലാം ഹാൻഡിലിൽ ഒന്നിച്ചുവയ്ക്കാം. മെക്കാനിക്ക് എൻനിയറിംഗിൽ ബിരുദാനന്തര ബിരുദമുള്ള കൂത്താട്ടുകുളത്തെ ബയാസ് ഇൻഡസ്ടീസ് ഉടമയും പ്രവാസി മലയാളിയുമായ രാജേഷാണ് 'നെസ് ‌ഡേ" എന്ന ചിരവ രൂപകല്പന ചെയ്തിരിക്കുന്നത്. 3500 രൂപയാണ് വില.