പാലാ: ജനറൽ ആശുപത്രിയിലെ കൊവിഡ് ചികിത്സാകേന്ദ്രത്തിൽ ആദ്യ ഘട്ടത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർ ഇന്ന് പടിയിറങ്ങും.

3 ഡോക്ടർമാരും 6 നഴ്‌സുമാരും 9 നഴ്‌സിംഗ് അസിസ്റ്റന്റുമാരുമുൾപ്പെട്ട സംഘമാണ് 10 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് പിരിയുന്നത്. ഇനി 7 ദിവസം ഇവർക്ക് വിശ്രമമാണ്. സർക്കാരിന്റെ ആദ്യ ഉത്തരവനുസരിച്ച് 14 ദിവസം ഡ്യൂട്ടിയും തുടർന്ന് 14 ദിവസം ക്വാറന്റൈനുമായിരുന്നു നിർദ്ദേശിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വന്ന പുതിയ ഉത്തരവ് പ്രകാരം 10 ദിവസം ഡ്യൂട്ടിയും 7 ദിവസം ഓഫുമാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഇന്ന് ഡ്യൂട്ടി കഴിഞ്ഞ 18 പേരും വീട്ടിലേക്കാണ് പോകേണ്ടത്.എന്നാൽ കൊച്ചു കുട്ടികളും വൃദ്ധരായ മാതാപിതാക്കളുമൊക്കെയുള്ള പല ജീവനക്കാരും വീട്ടിലേക്ക് പോകാൻ മടി കാണിക്കുകയാണ്. ക്വാറന്റെയിനിൽ കഴിഞ്ഞ ശേഷമേ വീട്ടിലേക്കു മടങ്ങൂ എന്ന നിലപാടിലാണിവർ.അങ്ങനെയെങ്കിൽ ജനറൽ ആശുപത്രിയുടെ ചുമതലയുള്ള പാലാ നഗരസഭയുടെ നേതൃത്വത്തിൽ, ഡ്യൂട്ടി കഴിയുന്ന ആരോഗ്യ പ്രവർത്തകർക്കായി ക്വാറന്റൈയിൻ സൗകര്യം ഏർപ്പെടുത്തേണ്ടി വരും.
എന്നാൽ ശരിയായ രീതിയിൽ പി.പി.ഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് രോഗിയുമായി നേരിട്ട് സമ്പർക്കം വരുന്നില്ലെന്നും അതിനാൽ തന്നെ ക്വാറന്റൈനിൽ ഇരിക്കേണ്ട സാഹചര്യമില്ലെന്നുമാണ് ജില്ലാ ആരോഗ്യ വകുപ്പ് അധികാരികളുടെ നിലപാട്.

താമസ സൗകര്യമൊരുക്കും

ക്വാറന്റൈൻ വേണമെന്ന് ആരോഗ്യ വിഭാഗം ഉന്നതാധികാരികളുടെ നിർദ്ദേശമുണ്ടായാൽ ഇന്ന് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നവരെ പാർപ്പിക്കാൻ സ്ഥല സൗകര്യം ഒരുക്കിക്കൊടുക്കുമെന്ന് പാലാ നഗരസഭാധികാരികൾ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇന്നു രാവിലെ അന്തിമതീരുമാനമെടുക്കുമെന്ന് നഗരസഭാ അധികൃതർ പറഞ്ഞു.