അടിമാലി: കൊവിഡ് കാലത്ത് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് ടി.വി. ചലഞ്ചിലൂടെ സഹായമെത്തിക്കുകയാണ് കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ. അടിമാലി പഞ്ചായത്തിലെ അർഹരായ കുടുംബത്തിന് കൈമാറാനുള്ള ടെലിവിഷൻ അസോസിയേഷൻ പഞ്ചായത്ത് അധികൃതർക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ്, സെക്രട്ടറി കെ.എൻ. സഹജൻ എന്നിവർ ചേർന്ന് ടെലിവിഷൻ ഏറ്റുവാങ്ങി. അർഹരായ കുടുംബത്തിന് പഞ്ചായത്ത് ടെലിവിഷൻ കൈമാറുമെന്ന് കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ കേന്ദ്രകമ്മിറ്റിയംഗം എം.എൻ. ജോമി പറഞ്ഞു. അസോസിയേഷൻ അംഗങ്ങൾ തുക സമാഹരിച്ചാണ് ടെലിവിഷനുകൾ വാങ്ങാനാവശ്യമായ തുക കണ്ടെത്തുന്നത്. ടി.വി. ചലഞ്ചിന്റെ ഭാഗമായി ഇതിനോടകം പത്തോളം ടെലിവിഷനുകൾ അസോസിയേഷൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് നൽകി. ടി.വി. ചലഞ്ചുമായി മുമ്പോട്ട് പോകുമെന്ന് അസോസിയേഷൻ അംഗങ്ങൾ പറഞ്ഞു.