mun

മുണ്ടക്കയം : കഴിഞ്ഞ തിങ്കളാഴ്‌ച മുണ്ടക്കയം നഗരത്തിലെ പാലത്തിൽ നിന്ന് മണിമലയാറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളിലൊരാൾ പീഡനത്തിനിരയായതായി തെളിഞ്ഞതോടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും വിഷം കഴിച്ച ശേഷമാണ് ആറ്റിൽ ചാടിയത്.

കോരുത്തോട് 116 ഭാഗത്ത് കണ്ണൻകീരിയിൽ മഹേഷ് (22), എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ ചീരൻപടവ് വീട്ടിൽ രാഹുൽ രാജ് (22), മടുക്ക, ഏന്തപ്പടിക്കൽ അനന്ദു (20) എന്നിവരെയാണ് മുണ്ടക്കയം സി.ഐ വി.ഷിബു കുമാറും സംഘവും അറസ്റ്റ് ചെയ്‌തത്. മറ്റൊരു പ്രതിയായ അജിത്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. 2016 മുതൽ പ്രതികൾ പെൺകുട്ടികളിൽ ഒരാളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മുണ്ടക്കയം സ്വദേശികളായ പെൺകുട്ടികൾ കൈകൾ കൂട്ടിക്കെട്ടി മണിമല ആറ്റിൽ ചാടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പെൺകുട്ടികളുടെ ജീവൻ രക്ഷിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ടിക്ക് ടോക്ക് വീഡിയോ ചെയ്‌തതിൽ വീട്ടുകാർ വഴക്ക് പറയുമെന്ന് ഭയന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നായിരുന്നു പൊലീസിന് നൽകിയ മൊഴി.

ചികത്സയ്ക്ക് ശേഷം വീട്ടിലെത്തിയതോടെ പെൺകുട്ടികളിലൊരാളുടെ മൊബൈൽ പൊലീസ് പരിശോധിച്ചു. പല നമ്പരുകളിൽ നിന്ന് രാത്രിയിലടക്കം വീഡിയോ കാളുകൾ വന്നതായി ശ്രദ്ധയിൽപ്പെട്ടു.

വനിതാ പൊലീസ് നടത്തിയ കൗൺസലിംഗിലാണ് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഉപദ്രവിച്ചവരെ പറ്റിയുള്ള വിവരം 15കാരിയായ പെൺകുട്ടി വെളിപ്പെടുത്തിയത്. പാഞ്ചാലിമേട്, മുണ്ടക്കയം എന്നിവിടങ്ങളിൽ വീടുകളിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ചിരുന്നെന്നാണ് സൂചന. വൈദ്യപരിശോധനയിൽ ലൈംഗികപീഡനത്തിന് ഇരയായതായി കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന പെൺകുട്ടി എന്തിനാണ് ആത്മഹത്യാശ്രമം നടത്തിയതെന്ന് വ്യക്തമായിട്ടില്ല.

പീഡനത്തിനിരയായ പെൺകുട്ടിയെ ചൈൽഡ് ലൈനുമായി ബന്ധപ്പെട്ട ശേഷം പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.