കോട്ടയം: മറിയപ്പള്ളി ഇന്ത്യ പ്രസിൻ്റെ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഇന്ന് ഡി.എൻ.എ ടെസ്റ്റിനായി സാമ്പിൾ ശേഖരിക്കും. വൈക്കത്തു നിന്നു കാണാതായ ജിഷ്‌ണുവിൻ്റെ മാതാപിതാക്കളുടെ ഡി.എൻ.എ സാമ്പിളുകളാണ് പരിശോധനയ്‌ക്കായി ശേഖരിക്കുന്നത്. അസ്ഥികൂടം ജിഷ്‌ണുവിൻ്റേതാണെന്നു തെളിഞ്ഞാൽ കേസ് ചിങ്ങവനത്തു നിന്നും വൈക്കം പൊലീസിനു കൈമാറും.

സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻ്റെ ലിറ്റററി മ്യൂസിയത്തിനായി കാട് തെളിക്കുന്നതിനിടെ തിങ്കളാഴ്‌ച രാവിലെയാണ് പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തിയത്. ജൂൺ മൂന്നിനു കാണാതായ വൈക്കം കുടവച്ചൂർ താമിക്കല്ല് ഭാഗത്ത് വെളുത്തേടത്ത് ചിറയിൽ ജിഷ്ണു ഹരിദാസിന്റെ(23) അസ്ഥികൂടമാണ് ഇതെന്നാണ് പൊലീസിൻ്റെ നിഗമനം. ഇത് ഉറപ്പിക്കുന്നതിനാണ് ഡി.എൻ.എ പരിശോധന നടത്തുന്നത്. സംഭവ സ്ഥലത്തു നിന്നു ലഭിച്ച മൊബൈൽ ഫോണും സിം കാർഡും ജിഷ്‌ണുവിൻ്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ജിഷ്‌ണുവിൻ്റെ മാതാപിതാക്കളുടെ രക്‌ത സാമ്പിളുകൾ ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശേഖരിക്കും. അസ്ഥികൂടത്തിൽ നിന്നുള്ള ഡി.എൻ.എ സാമ്പിളുകളും ഇതോടൊപ്പം ശേഖരിക്കും. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലാവും പരിശോധന. ഫലം വരാൻ 20 ദിവസം വരെ വേണ്ടി വരും. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ബിൻസ് ജോസഫിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം .

കൊലപാതകമെന്ന് ബന്ധുക്കൾ

ജിഷ്‌ണുവിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും കാട്ടി ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു പരാതി നൽകി. ജൂൺ മൂന്നിനു കാണാതായ ജിഷ്‌ണു ഹോട്ടലിനു മുന്നിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കയറി പോകുന്നത് കണ്ടവരുണ്ട്. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ കൈവീശിക്കാണിച്ച ശേഷമാണ് ജിഷ്‌ണു പോയത്. വീട്ടിൽ നിന്നിറങ്ങിയതും സന്തോഷവാനായാണ് . ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ജിഷ്‌ണുവിനില്ല. ലഹരി ഉപയോഗിക്കുന്ന ആളോ, സാമ്പത്തിക ബാദ്ധ്യതയുള്ള ആളോ അല്ല. പ്രണയവുമില്ല. വീട്ടിൽ നിന്ന് കിലോമീറ്ററുകൾ അകലെ മൃതദേഹം കണ്ടെത്തിയതിനു പിന്നിൽ ദുരൂഹതയുണ്ട്. സംഭവത്തിനു പിന്നിൽ ലഹരി മാഫിയ സംഘങ്ങൾക്കു ബന്ധമുണ്ടോ എന്നു സംശയിക്കുന്നതായും ബന്ധുക്കൾ പരാതിയിൽ പറയുന്നു.