പൊന്‍കുന്നം: അരവിന്ദ ആശുപത്രിയിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 150 പേരെ നിരീക്ഷണത്തിലാക്കിയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജീവനക്കാരിയുമായി സമ്പര്‍ക്കമുണ്ടായെന്ന് സംശയിക്കുന്ന 43 ആശുപത്രി ജീവനക്കാരെ ക്വാറന്റൈനിലാക്കിയതിന് പുറമെയാണ് ഇവരുടെ കുടുംബാംഗങ്ങളായ രണ്ടാംഘട്ട പട്ടികയിലുള്‍പ്പെട്ട 150 പേരെ നിരീക്ഷണത്തിലാക്കിയത്. ആകെ 193 ആള്‍ക്കാരാണിപ്പോള്‍ പ്രാഥമിക, രണ്ടാംഘട്ട സമ്പര്‍ക്ക പട്ടികയിലുള്ളത്. ആശുപത്രിയിലെത്തിയ രോഗികളോ മറ്റുള്ളവരോ ആശങ്കപ്പെടേണ്ടതില്ലെന്നും ഇവര്‍ നേരിട്ടുള്ള സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടവരല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അതിനാല്‍ ആ വിഭാഗത്തില്‍ ആരെയും നിലവില്‍ നിരീക്ഷണപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കൊവിഡ് സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനിയായ ജീവനക്കാരിയുടെ വീട്ടിലെ നാലുപേരെ കൂടി പരിശോധനഫലം പോസിറ്റീവായതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികള്‍, ഭര്‍ത്താവ്, ഭര്‍തൃമാതാവ് എന്നിവരെയാണ് ഇന്നലെ ആശുപത്രിയിലാക്കിയത്. ഇവരുടെ ഭര്‍തൃപിതാവ് നേരത്തെ തന്നെ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്.