കോട്ടയം : ജില്ലയിൽ ഇന്നലെ ആറു പേര്‍കൂ‌ടി കൊവിഡ് മുക്തരായി. അഞ്ചു പേര്‍ക്ക് രോഗം ബാധിച്ചു. രോഗബാധിതരിൽ നാലുപേര്‍ ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ പള്ളിക്കത്തോട് സ്വദേശിനിയുടെ ബന്ധുക്കളാണ്. ഇവരുടെ ഭര്‍ത്താവ് (37), ആറും മൂന്നും വയസുള്ള പെണ്‍കുട്ടികള്‍, ഭര്‍തൃമാതാവ് (67) എന്നിവര്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചത്. യുവതിയുടെ ഭര്‍തൃപിതാവിനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. എല്ലാവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജൂണ്‍ 19ന് മുംബയില്‍നിന്നെത്തി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കരിക്കാട്ടൂര്‍ സ്വദേശിനി (26)യാണ് ഇന്ന് പരിശോധനാ ഫലം പോസിറ്റീവായ അഞ്ചാമത്തെയാള്‍. ഹോം ക്വാറന്റൈനില്‍ കഴിയവേ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്കൊപ്പം മുംബയില്‍നിന്നെത്തിയ ഭര്‍ത്താവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

ജില്ലക്കാരായ ആകെ 120 പേരാണ് കോവിഡ് ബാധിതരായി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 44 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും 35 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും, 36 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജിലും, മൂന്നു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.

ഹോട്ട്‌സ്‌പോട്ട്

ചിങ്ങവനം സ്വദേശിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം നഗരസഭയിലെ 36 ാം വാർഡ് ഹോട്ട്‌സ്‌പോട്ട് ആയി. പള്ളിക്കത്തോട് പഞ്ചായത്താണ് ജില്ലയിലെ മറ്റൊരു ഹോട്ട് സ്‌പോട്ട് .

നൂറുകടന്ന്

ആദ്യ ഘട്ടത്തിൽ 99 ദിവസം കൊണ്ട് നൂറിലെത്തിയ കൊവിഡ്, രണ്ടാം ഘട്ടത്തിൽ നൂറ് കടന്നത് പത്തു ദിവസത്തിനുള്ളിൽ..! കോട്ടയത്തെ കൊവിഡിന്റെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണ് . ജില്ലയില്‍ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മാര്‍ച്ച് എട്ടിനായിരുന്നു. ഈ ഘട്ടത്തിൽ രോഗികളുടെ എണ്ണം നൂറിലെത്താൻ വേണ്ടി വന്നത് 99 ദിവസമാണ്. എന്നാൽ, രണ്ടാം ഘട്ടത്തിൽ പത്തു ദിവസം കൊണ്ടാണ് രോഗ ബാധിതരുടെ എണ്ണം നൂറ് കടന്നത്. ഏറ്റവുമൊടുവില്‍ പള്ളിക്കത്തോട്ടിലെ ഒരു കുടുംബത്തിലെ ആറു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇവിടെ ഉറവിടവും കണ്ടെത്താനായിട്ടില്ല.

പ്രവാസികളിലും അന്യസംസ്ഥാനങ്ങളില്‍ നിന്നു വന്നവരിലും രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ ഏറെയുണ്ടെങ്കിലും സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായതു നാലു പേര്‍ക്കു മാത്രമാണ്.

രോഗം ഭേദമായവർ 96

രോഗ ബാധിതർ 120