പൊൻകുന്നം: അരവിന്ദ ആശുപത്രിയിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 150 പേരെ നിരീക്ഷണത്തിലാക്കിയെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജീവനക്കാരിയുമായി സമ്പർക്കമുണ്ടായെന്ന് സംശയിക്കുന്ന 43 ആശുപത്രി ജീവനക്കാരെ ക്വാറന്റൈനിലാക്കിയതിന് പുറമെയാണ് ഇവരുടെ കുടുംബാംഗങ്ങളായ രണ്ടാംഘട്ട പട്ടികയിലുൾപ്പെട്ട 150 പേരെ നിരീക്ഷണത്തിലാക്കിയത്. ആകെ 193 ആൾക്കാരാണിപ്പോൾ പ്രാഥമിക, രണ്ടാംഘട്ട സമ്പർക്ക പട്ടികയിലുള്ളത്. ആശുപത്രിയിലെത്തിയ രോഗികളോ മറ്റുള്ളവരോ ആശങ്കപ്പെടേണ്ടതില്ലെന്നും ഇവർ നേരിട്ടുള്ള സമ്പർക്കത്തിൽ ഉൾപ്പെട്ടവരല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അതിനാൽ ആ വിഭാഗത്തിൽ ആരെയും നിലവിൽ നിരീക്ഷണപട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
കൊവിഡ് സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനിയായ ജീവനക്കാരിയുടെ വീട്ടിലെ നാലുപേരെ കൂടി പരിശോധനഫലം പോസിറ്റീവായതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികൾ, ഭർത്താവ്, ഭർതൃമാതാവ് എന്നിവരെയാണ് ഇന്നലെ ആശുപത്രിയിലാക്കിയത്. ഇവരുടെ ഭർതൃപിതാവ് നേരത്തെ തന്നെ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്.