കോട്ടയം: പ്രേമത്തിന് കണ്ണില്ല, കാതുമില്ല. ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കാമുകിയെ കാണാൻ യുവാവ് കുതിച്ചെത്തി. പിന്നെ, താമസിച്ചില്ല. കാമുകനെതിരെ കേസ് എടുത്ത് ക്വാറന്റൈനിലേക്കയച്ചു. പൊലീസിനോട് കേണപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. കോട്ടയം ഗാന്ധിനഗറിലാണ് സംഭവം. മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യുന്ന 24കാരിയായ കാമുകി ഇന്നലെ രാവിലെയാണ് നാട്ടിലെത്തിയത്. ഇതോടെ ക്വാറന്റൈനിലായി. വീട്ടിൽ സൗകര്യമില്ലെന്ന് പറഞ്ഞതോടെ ആരോഗ്യവകുപ്പും പൊലീസും ചേർന്ന് യുവതിയെ ആർപ്പുക്കര പഞ്ചായത്ത് വക കെട്ടിടത്തിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി.
യുവതി നാട്ടിൽ എത്തിയതറിഞ്ഞ് കാമുകിയെ ഒന്ന് കാണാൻ യുവാവിന് ആവേശമായി. പിന്നെ, ഒന്നും ചിന്തിച്ചില്ല. ബൈക്ക് എടുത്ത് നേരെ ആർപ്പുക്കരയിലേക്ക് പറന്നു. അവിടെയെത്തി കാമുകിയെ കണ്ടു. ഇതോടെ ആരോഗ്യപ്രവർത്തകർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെ ഞങ്ങൾ പ്രേമത്തിലാണെന്ന് വ്യക്തമാക്കി. യുവതിയോട് ചോദിച്ചപ്പോഴും അതേ മറുപടിയാണ് നല്കിയത്. ഇതോടെയാണ് യുവാവിനെയും ക്വാറന്റൈനിലാക്കി. ക്വാറന്റൈൻ ചട്ടം ലംഘിച്ചതിനാണ് യുവാവിനെതിരെ പൊലീസ് കേസ് ചാർജ്ജ് ചെയ്തിട്ടുള്ളത്.