കോട്ടയം: ഓൺലൈൻ പഠനത്തിനുവേണ്ടി തുടർച്ചയായി സ്മാർട്ട് ഫോൺ ഉപയോഗിക്കുമ്പോൾ കുട്ടികൾ കണ്ണുകൾ സംരക്ഷിക്കാൻ മറക്കരുതെന്ന് വിദഗ്ദ്ധർ. സ്വകാര്യ മാനേജ്മെന്റ് സ്കൂളുകളിൽ തുടർച്ചയായി രണ്ട് മണിക്കൂർവരെ നീളുന്ന ക്ളാസുകളുണ്ട്. പഠനസമയത്തിന് ശേഷം ഗെയിമുകളുടെ പേരിൽ വീണ്ടും കുട്ടികൾ ഫോണുമായിരിക്കുന്നത് ഇരട്ടി സമ്മർദ്ദമുണ്ടാക്കും.

മുക്കാൽ മണിക്കൂർവീതം രണ്ട് വിഷയങ്ങളിൽ ക്ളാസ് എന്ന രീതിയിലാണ് ഭൂരിഭാഗം സ്‌കൂളുകളും സമയം ക്രമീകരിച്ചിരിക്കുന്നത്. സ്മാർട്ട് ഫോണിൽ ഏറെ നേരം നോക്കിയിരിക്കുമ്പോഴാണ് കണ്ണിന് സമ്മർദ്ദമുണ്ടാകുന്നത്. കാഴ്ച മങ്ങുക, വസ്തുക്കളെ രണ്ടായി കാണുക, ക്ഷീണം, അകലത്തിലുള്ള കാഴ്ച വ്യക്തമാകാതിരിക്കുക, തലവേദന, കണ്ണ് വേദന എന്നിവയാണ് അസ്‌തെനോപ്പിയ എന്നറിയപ്പെടുന്ന രോഗത്തിന്റെ ലക്ഷണങ്ങൾ. ഓൺലൈൻ ക്ലാസുകൾക്ക് ശേഷവും ദീർഘസമയം സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നാൽ ഐ.ടി മേഖലയിലുള്ളവരെ സ്ഥിരമായി ബാധിക്കുന്ന കമ്പ്യൂട്ടർ വിഷൻ സിൻഡ്രോമും ബാധിക്കും.

 നേത്ര പരിശോധന അത്യാവശ്യം

ഒന്നിടവിട്ട ദിവസങ്ങളിലേക്ക് ടൈംടേബിൾ ക്രമീകരിക്കുന്നതും കുട്ടികളിലുണ്ടാവാൻ സാദ്ധ്യതയുള്ള നേത്ര രോഗങ്ങൾക്ക് തടയിടും. സർക്കാർ സ്‌കൂളുകളിൽ എല്ലാവർഷവും കുട്ടികളുടെ കണ്ണ് പരിശോധന നടത്താറുണ്ട്. ഇത്തരം ക്യാമ്പുകൾ സ്വകാര്യ സ്‌കൂളുകളിൽ കൂടി നിർബന്ധമാക്കണമെന്ന് ഡോക്ടർമാരുടെ അഭിപ്രായം.

തുടക്കത്തിലെ പ്രശ്നങ്ങൾ

കണ്ണിന് വേദന, ചൊറിച്ചിൽ, തലവേദന, മങ്ങിയ കാഴ്ച, കണ്ണിൽ വെള്ളം നിറയൽ

ശ്രദ്ധിച്ചാൽ പരിഹരിക്കാം

 ക്ലാസുകൾക്ക് പരമാവധി അര മണിക്കൂർ ദൈർഘ്യം

 ക്ളാസിന് ശേഷം ഫോൺ ഗെയിമിനായി നൽകരുത്

 സ്‌ക്രീനുമായി നിശ്ചിത അകലം പാലിക്കുക

 ഇടവേളകളിൽ കണ്ണ് കഴുകുക, വെള്ളം കുടിക്കുക

 ഇരുട്ടത്ത് മൊബൈൽ ഫോൺ നോക്കരുത്

കണ്ണിന് വിശ്രമമില്ലാതെയുള്ള ഓൺലൈൻ പഠനം ദോഷകരമായി ബാധിക്കും. ഇരുപത് മിനിറ്റ് ഫോൺ നോക്കിയാൽ 25 സെക്കൻഡെങ്കിലും വിശ്രമം നൽകണം. പച്ചവെള്ളത്തിൽ കണ്ണ് കഴുകിയും മറ്റും പരിപാലിക്കണം

ഡോ. ദീപക് ജയൻ, നേത്രരോഗ വിദഗ്ദ്ധൻ