nelkrishi

വൈക്കം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ 26 ാം വാർഡിൽ കാരയിൽ പാടശേഖരത്തെ അഞ്ച് ഏക്കർ സ്ഥലത്ത് നെൽകൃഷിക്ക് വിത്ത് പാകി. തരിശായി മാറിയ പാടശേഖരം ഒരു മാസത്തെ അധ്വാനം കൊണ്ടാണ് കൃഷിക്ക് യോഗ്യമാക്കിയത്. നഗരസഭ, കൃഷിഭവൻ, അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി, വൈക്കം താലൂക്ക് ഫാമിംഗ് ആന്റ് മാർക്ക​റ്റിംഗ് സഹകരണ സംഘം എന്നിവയുടെ നേതൃത്വത്തിലാണ് കൃഷി. 13 സ്ഥലം ഉടമകളുടെ സഹകരണവുമുണ്ട്. ഞാ​റ്റുവേല പക്കത്തിൽ ഞാ​റ്റുപാട്ടിന്റെ ഈണം മീട്ടിയാണ് തൊഴിലാളികൾ വിത്തെറിഞ്ഞത്. ഒരു ഏക്കറിന് അയ്യായിരം രൂപ ഉടമയ്ക്ക് വീതം നൽകി പാട്ടവ്യവസ്ഥയിലാണ് കൃഷിക്കായി സ്ഥലം ഏ​റ്റെടുത്തത്. ആദ്യം നെൽകൃഷിയും, പിന്നീട് കാലാവസ്ഥയ്ക്ക് അനുകൂലമായ മ​റ്റ് കൃഷികളും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. സംഘം പ്രസിഡന്റ് പി. സോമൻ പിള്ള വിത്ത് നടീൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.ചന്ദ്രബാബു എടാടൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബിജിനി പ്രകാശൻ, കൃഷി അസി. മെയ്‌സൺ മുരളി, ഡോ. എൻ.കെ ശശിധരൻ, കെ.പി അശോകൻ, പൊന്നപ്പൻ കാലാക്കൽ, കെ.കെ സചീവോത്തമൻ, ടി.എം അർച്ചന, ആർ.അജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.